വാഹനമോഷണവും കവര്‍ച്ചയും നടത്തുന്നവര്‍ പിടിയില്‍
കൊച്ചി: നഗരത്തില്‍ വാഹനമോഷണവും കവര്‍ച്ചയും നടത്തുന്നവര്‍ പൊലിസ് പിടിയില്‍.
നഗരത്തില്‍ നിന്നും നിരവധി മട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് നടത്തിയ വാഹന പരിശോധനയില്‍ മോഷ്ടിച്ച ബൈക്കുമായി ഹൈക്കോര്‍ട്ട് ജങ്ഷനു സമീപം പിടിയിലായ ചളിക്കവട്ടം സ്വദേശിയായ റഷീദ് എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
പള്ളുരുത്തി സ്വദേശിയായ ക്രിസ്റ്റഫര്‍, ഉദയാ കോളനിയിലെ ദേവന്‍, കങ്ങരപ്പടി സ്വദേശി ആഷിന്‍ ഇമ്മാനുവല്‍ എന്നിവരാണ് പൊലിസ് പിടിയാലായത്. റോഡില്‍ ഉടമസ്ഥനില്ലാതെ ഒറ്റപ്പെട്ട് കാണുന്ന മോട്ടോര്‍ സൈക്കിളുകള്‍ ഏതെങ്കിലും വിധേന സ്റ്റാര്‍ട്ടാക്കി ഉപയോഗിക്കും പെട്രോള്‍ തീര്‍ന്നു കഴിയുമ്പോള്‍ ഉപേക്ഷിക്കുകയായിരുന്നു പ്രതികളുടെ രീതി. ക്രിസ്റ്റഫര്‍, ദേവന്‍ എന്നിവര്‍ എറണാകുളത്ത് വിവേകാനന്ദാ റോഡില്‍ മധ്യവയസ്‌ക്കന്റെ പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളാണ്.
കഴിഞ്ഞയാഴ്ച വടുതല സ്വദേശിയായ ശ്യാമിനെയും പതിനേഷുവയസുകാരനെയും മോഷ്ടിച്ച ഏഴ് മോട്ടോര്‍ സൈക്കിളുകളുമായി എറണാകുളം സെന്‍ട്രല്‍ പൊലിസ് പിടികൂടിയിരുന്നു.
ഇതിന്റെ തുടരന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. കവര്‍ച്ച കേസിലെ പ്രധാന പ്രതിയായ കൊല്ലം കൊട്ടന്‍കര സ്വദേശി കുക്കു എന്നു വിളിക്കുന്ന വിനയ് പിള്ള (18) എന്നയാളെ പൊലിസ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് വച്ച് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണറുടെ നിര്‍ദേശാനുസരണം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ഡി വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പൊലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ വി. വിമല്‍, മണി, എ.എസ്.ഐ രാജീവ്, സി.പി.ഒമാരായ മണി, രാജേഷ്, സുരേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."