സി.പി.ഐക്ക് സംഘ്പരിവാര്‍ ബന്ധമെന്ന പ്രചാരണവുമായി സി.പി.എം
തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റിനെതിരായ സമരത്തിന്റെ പേരില്‍ ഭരണമുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. പരസ്പരമുള്ള ചെളിവാരിയെറിയല്‍ രൂക്ഷമായതോടെ സി.പി.ഐക്ക് സംഘ്പരിവാര്‍ ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് സി.പി.എം പ്രവര്‍ത്തകര്‍.
ലോ അക്കാദമി സമരത്തില്‍ സി.പി.എമ്മും പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും സ്വീകരിച്ച നിലപാട് സി.പി.ഐയുടെയും മറ്റു പാര്‍ട്ടികളുടെയും കടുത്ത വിമര്‍ശനത്തിന് വഴിയൊരുക്കിയതിനെ തുടര്‍ന്നാണ് ഇടതുകക്ഷികള്‍ തമ്മിലുള്ള പോര് രൂക്ഷമായത്. സമരത്തില്‍ അവസാനം രംഗത്തുവന്ന എസ്.എഫ്.ഐ മറ്റു വിദ്യാര്‍ഥി സംഘടനകളെ അറിയിക്കാതെ ലോ അക്കാദമി മാനേജ്‌മെന്റുമായി ഒറ്റയ്ക്കു ചര്‍ച്ച നടത്തി സമരം പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് ഉള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ഥി സംഘടനകളൊന്നും സമരം പിന്‍വലിച്ചിട്ടില്ല. വിദ്യാര്‍ഥി സംഘടനകള്‍ക്കു പുറമെ ബി.ജെ.പിയും ശക്തമായി സമരരംഗത്തുണ്ട്.
സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ സി.പി.ഐ നേതാക്കള്‍ ബി.ജെ.പിയുടെ സമരപ്പന്തലില്‍ കയറി നിരാഹാര സമരം നടത്തുന്ന വി. മുരളീധരനടക്കമുള്ള നേതാക്കളുമായി സംസാരിച്ചിരുന്നു. ഈ സംഭവം ഇപ്പോള്‍ സി.പി.എമ്മും എസ്.എഫ്.ഐയും ആയുധമാക്കുകയാണ്. സി.പി.ഐയും സംഘ്പരിവാറും തമ്മില്‍ രഹസ്യധാരണ രൂപപ്പെട്ടുവരുന്നു എന്ന ആരോപണമാണ് അവര്‍ ആരംഭിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളൊന്നും ഈ ആരോപണം പരസ്യമായി ഉന്നയിച്ചിട്ടില്ലെങ്കിലും താഴേക്കിടയിലെ നേതാക്കളും പ്രവര്‍ത്തകരും ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ സാമൂഹ്യമാധ്യമങ്ങളെയും ഈ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളുടെ നിര്‍ദേശാനുസരണമാണ് ഈ പ്രചാരണമെന്നാണ് സിപി.ഐ നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."