അത് സര്‍ക്കാരിന്റേതല്ലേ
റേഡിയോ രംഗം സ്വകാര്യവത്കരിച്ചപ്പോള്‍ പ്രകടമായ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ സ്വന്തമെന്ന പേരില്‍ കൊണ്ടുനടക്കുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും നഷ്ടത്തിലാണ്. അത് സര്‍ക്കാരിന്റേതല്ലേ എന്ന പുച്ഛ മനോഭാവവും, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് ഇതിനു പിന്നില്‍. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്ഥിരമായി നഷ്ടത്തിലും, കട്ടപ്പുറത്തുമാണ്. എന്നാല്‍ അതേ റൂട്ടിലോടുന്ന സ്വകാര്യബസുകളാവട്ടെ, വന്‍ ലാഭത്തിലും.
സര്‍ക്കാര്‍ സ്വന്തമായി കൊണ്ടുനടക്കുന്ന പല സ്ഥാപനങ്ങളും സ്വകാര്യവത്കരിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ച ലാഭവും, വിലക്കുറവും നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എയര്‍ ഇന്ത്യ നഷ്ടത്തിലാണത്രെ!.. അപൂര്‍വങ്ങളിലൊഴികെ ഏതെങ്കിലും സ്വകാര്യ വിമാനക്കമ്പനികള്‍ നഷ്ടത്തിലാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ! ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ഈടാക്കുന്നത് കഴുത്തറപ്പന്‍ ചാര്‍ജുകള്‍ തന്നെയാണ്. നല്‍കുന്നതാവട്ടെ മൂന്നാം കിട സൗകര്യങ്ങളും. എയര്‍ ഇന്ത്യയെ ശാസ്ത്രീയമായി, നല്ല രീതിയില്‍ കെടുകാര്യസ്ഥത ഒഴിവാക്കി മുന്നോട്ട് കൊണ്ടുപോയാല്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളും നഷ്ടങ്ങളും മാത്രമേ ഇന്നുള്ളൂ. മാത്രമല്ല, വന്‍ ലാഭത്തിലേക്കെത്തിക്കാനും സാധിക്കും.
ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനെ കുറിച്ചും, വിമാനക്കമ്പനികളുടെ അമിത ചാര്‍ജിനെതിരേയും സാക്ഷര കേരളത്തിലെ അക്ഷര വിപ്ലവമായ സുപ്രഭാതം ദിനപത്രം നടത്തുന്ന കാംപയിന്‍ ശ്രദ്ധേയവും അനുകരണീയവുമാണ്. അധികാരികളുടെ കര്‍ണപുടങ്ങള്‍ തുറക്കട്ടെ. അവരുടെ അധരങ്ങള്‍ സാധാരണക്കാര്‍ക്കും, നീതിക്കും വേണ്ടി ചലിക്കട്ടെ. ഈ കാംപയിന്‍ അതിനൊരു നിമിത്തമാകട്ടെ.
1959 ല്‍ ഹജ്ജ് കമ്മിറ്റി ആക്ട് രാജ്യത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകാനുകൂല്യം അനുവദിച്ചിരുന്നു. ഈ ആനുകൂല്യം നഷ്ടത്തിലാണെന്ന് പറയപ്പെടുന്ന, അല്ലെങ്കില്‍ കെടുകാര്യസ്ഥത കൊണ്ട് നഷ്ടത്തിലായ എയര്‍ ഇന്ത്യയെ തന്നെ ഏല്‍പ്പിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്കറിയാവുന്നതേയുള്ളൂ.
എന്നിട്ട് ഹജ്ജ് സബ്‌സിഡിയുടെ പേരില്‍ മുസ്്‌ലിംകള്‍ കോടികള്‍ തട്ടുന്നുവെന്ന് വീരവാദവും. 2022 ആകുമ്പോഴേക്ക് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി ഘട്ടം ഘട്ടമായി കുറയ്ക്കണമെന്ന 2012 ലെ സുപ്രിം കോടതി വിധി മാത്രം എടുത്തുപറയുന്നവര്‍, അന്നത്തെ വിധിയിലെ ബാക്കി കാര്യങ്ങള്‍ കൂടി പറയാന്‍ ശ്രമിക്കണം. ഹജ്ജ് സബ്‌സിഡിയുടെ ഈ തുക മുസ്‌ലിംകളുടെ വിദ്യാഭ്യാസ,സാമൂഹിക ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാമെന്നും പറഞ്ഞിരുന്നു. ഹജ്ജ് സബ്‌സിഡി കുറക്കാന്‍ കുരയ്ക്കുന്നവര്‍, അതിനുശേഷം പറഞ്ഞ ഈ വിധിയില്‍ എന്തു കൊണ്ടാണ് മൗനം പാലിക്കുന്നത്.
ഹജ്ജിന് പോകുന്നവരെ എയര്‍ ഇന്ത്യക്ക് മാത്രം നല്‍കാതെ ഇതര സ്വകാര്യ കമ്പനികള്‍ക്ക് കൂടെ നല്‍കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇന്ന് നിലവിലുള്ളൂ. അങ്ങനെ നല്‍കുകയാണെങ്കില്‍, ഇന്ന് എയര്‍ ഇന്ത്യ വഹിക്കുന്നത് മുഴുവന്‍ സബ്‌സിഡിയാണോ എന്ന കള്ളക്കളി പുറത്തു വരും.
ഷഫീഖ്. പി. അയ്യായ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."