നേട്ടങ്ങളിലേക്ക് ചുവടുവച്ച് കെ.സി.എ ക്യാഷ് കേരള അക്കാദമി
തിരുവനന്തപുരം: പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടക്കമിട്ട ക്യാഷ് കേരള അക്കാദമി ഒടുവില്‍ ലക്ഷ്യം നേടിയിരിക്കുന്നു. അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളി താരങ്ങള്‍ ഇടം നേടിയപ്പോള്‍ അവരിലൊരാള്‍ കെ.സി.എ ക്യാഷ് അക്കാദമിയില്‍ നിന്നാണ്. കേരള അണ്ടര്‍ 19 ടീമിന്റെ നായകന്‍ കൂടിയായ സിജോമോന്‍ ജോസഫ് ആണ് അക്കാദമിക്ക് അഭിമാന നേട്ടം സമ്മാനിച്ചത്. 2010 ലാണ് സിജോമോന്‍ ജോസഫ് കോട്ടയം മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളിലുള്ള കെ.സി.എ ജില്ലാ അക്കാദമിയിലെത്തുന്നത്. ഇടം കൈയന്‍ പേസ് ബൗളറായിരുന്ന സിജോമോന്‍ അക്കാദമിയില്‍ വച്ചാണ് സ്പിന്നിലേക്കു തിരിയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അണ്ടര്‍ 14 സംസ്ഥാന ടീമില്‍ അംഗമായ സിജോ ഒരു വര്‍ഷം ടീമിന്റെ നായകനുമായി. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള പഠനകാലത്ത് മാന്നാനം സെന്റ് അഫ്രേം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ സംസ്ഥാന അക്കാദമിയില്‍ അംഗമായിരുന്നു. മൂന്നു വര്‍ഷം അണ്ടര്‍ 16 സംസ്ഥാന ടീമില്‍ അംഗമായി.
പരിശീലനത്തിനു അധികം അവസരങ്ങളില്ലാത്ത സ്ഥലങ്ങളില്‍ നിന്നു വരുന്ന തന്നെ പോലെയുള്ള കളിക്കാര്‍ക്ക് അനുഗ്രഹമാണ് കെ.സി.എ അക്കാദമിയെന്ന് സിജോമോന്‍ ജോസഫ് പറഞ്ഞു. തന്നിലെ ക്രിക്കറ്ററെ വളര്‍ത്തി മികച്ച അവസരങ്ങളുണ്ടാക്കി തന്നത് കെ.സി.എ അക്കാദമിയാണ്. ദിവസവുമുള്ള പരിശീലനവും പല കോച്ചുമാരുമായുള്ള ആശയ വിനിമയവും തന്റെ ക്രിക്കറ്റ് കരിയറിനെ വളര്‍ത്തിയെന്ന് സിജോമോന്‍ പറഞ്ഞു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ സിജോമോന്‍ ജോസഫ് നിലവില്‍ തേവര എസ്.എച്ച് കോളജിലുള്ള കെ.സി.എ സംസ്ഥാന സീനിയര്‍ അക്കാദമിയില്‍ അംഗമാണ്. കേരള അണ്ടര്‍ 19 ടീമിനെ മൂന്നു വര്‍ഷമായി പ്രതിനിധീകരിക്കുന്ന സിജോമോന്‍ ഈ സീസണില്‍ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ആറു മത്സരങ്ങളില്‍ നിന്നായി 41 വിക്കറ്റുകള്‍ നേടി. 2015ലും 2016ലും അണ്ടര്‍ 19 സൗത്ത് സോണ്‍ ടീമിലും അംഗമായിരുന്നു.
2009 ലാണ് മികച്ച കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടു കെ.സി.എ ക്യാഷ് കേരള അക്കാദമി സ്ഥാപിക്കുന്നത്. മികച്ച കളിക്കാരെ ചെറിയ പ്രായത്തില്‍ കണ്ടെത്തി പ്രതിഭകളായി വാര്‍ത്തെടുക്കുകയായിരുന്നു ലക്ഷ്യം. മൂന്നു അക്കാദമികളായി ആരംഭിച്ച ക്യാഷ് കേരള അക്കാദമി പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കളിക്കാര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, താമസം, ഭക്ഷണം, ക്രിക്കറ്റ് കിറ്റ് എന്നിവയും അസോസിയേഷന്‍ നല്‍കുന്നു.
10 വര്‍ഷം മുന്‍പ് ശാസ്ത്രീയമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു കേരള ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമി ആരംഭിച്ചതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റും കെ.സി.എ മുന്‍ പ്രസിഡന്റുമായ ടി.സി മാത്യു പറഞ്ഞു. ദേശീയ നിലവാരമുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ മികച്ച അടിസ്ഥാന സൗകര്യമൊരുക്കുക, മുഴുവന്‍ സമയ പരിശീലനത്തിനു അവസരമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. കെ.സി.എയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്ച്ചപ്പാട് ഫലം കണ്ടു തുടങ്ങിയതിന്റെ ലക്ഷണമാണ് കളിക്കാര്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കേരള ടീമിനു ഭാവിയില്‍ നേടാനിരിക്കുന്ന അംഗീകാരങ്ങളുടെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സിജോമോനു പുറമെ മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ , അനന്തകൃഷ്ണന്‍, ടി നിഖില്‍, ആല്‍ബിന്‍ ഏലിയാസ്, എന്‍.പി ബേസില്‍, അമല്‍ സി.എ, അക്ഷയ് മനോഹര്‍, ആതിഫ് ബിന്‍ അഷ്‌റഫ് എന്നിവരും കെ.സി.എ അക്കാദമിയിലൂടെ ക്രിക്കറ്റ് രംഗത്ത് പ്രതിഭ തെളിയിച്ച താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."