ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്; ഈജിപ്ത് ഫൈനലില്‍
ലിബ്രെവില്ലെ: ബുര്‍കിന ഫസോയെ തകര്‍ത്ത് ഈജിപ്ത് ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1നു സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഈജിപ്ത് വിജയം സ്വന്തമാക്കിയത്. 4-3നാണു മുന്‍ ചാംപ്യന്മാര് വിജയം പിടിച്ചത്. ഘാന- കാമറൂണ്‍ സെമി പോരാട്ടത്തിലെ വിജയികളെയാണ് ഈജിപ്ത് ഫൈനലില്‍ നേരിടുക.
44 വയസുള്ള വെറ്ററന്‍ ഗോള്‍ കീപ്പര്‍ എസ്സം എല്‍ ഹാദ്രെയുടെ മിന്നുന്ന രണ്ടു രക്ഷപ്പെടുത്തലുകളാണ് ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈജിപ്തിനു കലാശപ്പോരിലേക്കുള്ള വഴി തുറന്നത്.
നിശ്ചിത സമയത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോളുകള്‍ നേടിയത്. 66ാം മിനുട്ടില്‍ റോമയുടെ താരം മുഹമദ് സലാഹ് ഈജിപ്തിനെ മുന്നില്‍ കടത്തിയെങ്കിലും അവരുടെ ആഹ്ലാദത്തിനു ഏഴു മിനുട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. അരിസ്റ്റിഡ് ബെന്‍സ് ബുര്‍കിന ഫസോയെ ഒപ്പമെത്തിച്ചു.
പിന്നീട് ഗോള്‍ മടക്കാന്‍ ഇരു പക്ഷത്തിനും സാധിച്ചില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോരാട്ടം ഷൂട്ടൗട്ടിലേക്ക്.
ബുര്‍കിന ഫസോയുടെ ആദ്യ മൂന്നു കിക്കുകള്‍ അലയ്ന് ട്രോര്‍, ബൊനാവു ദിയാവര, സ്റ്റീവ് യാഗോ എന്നിവര്‍ വലയിലാക്കിയപ്പോള്‍ ഈജിപ്തിനായി ആദ്യ കിക്കെടുത്ത അബ്ദുല്ല സയ്ദിനു പിഴച്ചു. എന്നാല്‍ പിന്നാലെ കിക്കെടുത്ത റമദാന് സോബി, അഹമദ് ഹെഗസി, മുഹമദ് സലാഹ്, അമര്‍ വര്‍ദ എന്നിവര്‍ കൃത്യമായി ലക്ഷ്യം കണ്ടു. ബുര്‍കിന ഫസോയുടെ നാലാം കിക്കെടുത്ത കൗകോ കോഫിയുടേയും അവസാന കിക്കെടുത്ത ബെര്‍ട്രന്‍ഡ് ട്രോര്‍ എന്നിവരുടെ ഷോട്ടുകളാണു എസ്സം എല്‍ ഹാദ്രെ തടഞ്ഞിട്ടത്.
എട്ടു തവണ ഫൈനലിലെത്തുകയും ഏഴു തവണ കിരീടം നേടുകയും ചെയ്ത ഈജിപ്താണു ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം. ഒന്‍പതാം തവണയും ഫൈനലിലെത്തിയ അവര്‍ക്ക് എട്ടാം കിരീടത്തിലേക്ക് ഒറ്റ വിജയം മാത്രം മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."