രാജകൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധിച്ച 11 രാജകുമാരന്മാരെ സഊദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു
റിയാദ് : സഊദി രാജ കൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധവുമായെത്തി ഒരുമിച്ചു കൂടിയ സഊദി 11 രാജകുമാരന്മാരെ സഊദി സുരക്ഷാ സേന അറസ്റ്റു ചെയ്തു. റിയാദിലെ പ്രസിദ്ധമായ ഖസ്ര് അല്‍ ഹുകും കൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധിച്ച ഇവരെ ഉന്നതരുടെ നിര്‍ദേശ പ്രകാരം സഊദി നാഷണല്‍ ഗാര്‍ഡിന്റെ ഭാഗമായുള്ള രാജസുരക്ഷാ വിഭാഗമാണ് അറസ്റ്റു ചെയ്തത്. നിരവധി തവണ പിരിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയിട്ടും പ്രതിഷേധവുമായി തുടര്‍ന്ന ഇവരെ അറസ്റ്റു ചെയ്ത് ഭീകരവാദികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കാണ് കൊണ്ട് പോയി തടവിലാക്കിയതെന്നു പ്രമുഖ സഊദി പത്രമായ സബ്ഖ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദികളടങ്ങുന്ന ക്രിമിനലുകളെ അടക്കുന്ന ഹായിര്‍ ജയിലിലാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. രാജകുമാരന്മാരുടെ പേര് വിവരങ്ങളോ രാജ കുടുംബങ്ങളിലെ ഇവരുടെ സ്ഥാനമോ പുറത്ത് വന്നിട്ടില്ല.
രാജകുടുംബം എന്ന നിലയില്‍ തങ്ങള്‍ക്ക് നേരത്തെ ലഭിച്ചിരുന്ന വൈദ്യുതി, വെള്ളം എന്നിവയിലെ ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവുമായാണ് ഒരു ഡസനോളം രാജകുമാരന്മാര് ശനിയാഴ്ച രാവിലെ പ്രതിഷേധവുമായി രാജകൊട്ടാരത്തിനു മുന്നില്‍ എത്തിയത്. ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിക്കാനും തങ്ങളുടെ ഒരു പിതൃവ്യ പുത്രന്റെ കേസിലെ നഷ്ട പരിഹാരത്തുക ആവശ്യപ്പെട്ടുമായിരുന്നു രാജകുമാരന്മാര് കൊട്ടാരത്തില്‍ ഒരുമിച്ചത്.
പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും രാജകുമാരന്മാര് കൂട്ടാക്കാത്തതിനെത്തുടര്ന്നാണു അറസ്റ്റ് ഉണ്ടായതെന്ന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സംഭവത്തെ കുറിച്ച് സഊദി അധികൃതര്‍ ഇത് വരെ വിവരങ്ങളൊന്നും റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."