കലകള്‍ക്ക് പറയാനുള്ള ചരിത്രം...
ഭരതനാട്യം
ക്ഷേത്രകലയില്‍ പ്രഥമ സ്ഥാനത്തുള്ള ഭരതനാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്. ഭരതനാട്യത്തിന്റെ ആദ്യകാലനാമം 'ദാസിയാട്ടം' എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദര്‍പ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറാം നൂറ്റാണ്ടു മുതല്‍തന്നെ പല്ലവ-ചോള രാജാക്കന്മാര്‍ നൃത്തസംഗീതശില്‍പങ്ങളെ വളര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തഞ്ചാവൂര്‍ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ് ദാസിയാട്ടം പരിഷ്‌കരിച്ച് ഭരതനാട്യത്തിന് രൂപം കൊടുത്തത്.
മോഹിനിയാട്ടം
മോഹിനിയാട്ടമാകട്ടെ കേരളത്തിന്റെ തനത് ലാസ്യനൃത്ത കലാരൂപമാണ്. നാട്യശാസ്ത്രത്തിലെ ചതുര്‍വൃത്തികളില്‍ ലാസ്യലാവണ്യ സമ്പന്നമായ കൈശികീ വൃത്തിയില്‍ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികള്‍. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തില്‍ കൂടുതലായി ആവിഷ്‌കരിക്കപ്പെടാറുള്ളത്. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിക്കുന്നുണ്ട്. കേരളീയക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് മോഹിനിയാട്ടം.
കേരളനടനം
കഥകളിയെ അടിസ്ഥാനപ്പെടുത്തി ഗുരു ഗോപിനാഥ് ഉണ്ടാക്കിയ കഥകളി നടനമാണ് 'കേരളനടന'മായി വളര്‍ന്നത്. ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യന്‍ നൃത്തകലയുടെ ക്ലാസ്സിക്കല്‍ പാരമ്പര്യത്തില്‍ വേരുറച്ച് നില്‍ക്കുന്നതാണ്. കേരളനടനം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാസ്വാദകര്‍ക്ക് കാണിച്ചു കൊടുത്തത് ഇന്ത്യന്‍ നൃത്തകലയുടെ സാര്‍വലൗകിക ഭാഷയാണ്. ഹൈന്ദവ പുരാണേതിഹാസങ്ങള്‍ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യന്‍ നൃത്തകലയ്ക്ക് വഴങ്ങും എന്ന് ആദ്യമായി തെളിയിച്ചത് ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു.
തിരുവാതിര
കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ തിരുവാതിരയുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ നൃത്തരൂപമാണ് തിരുവാതിരക്കളി. ശ്രീപരമേശ്വരനെ ഭര്‍ത്താവായി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ പാര്‍വതീ ദേവി ആനന്ദിച്ചതിന്റെ ഓര്‍മ്മക്കായും അതിനെ അനുകരിച്ചുമാണ് തിരുവാതിര ആഘോഷവും തിരുവാതിരക്കളിയും നടത്തുന്നതെന്നാണ് ഐതിഹ്യം.
പൂരക്കളി
കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നായ പൂരം നടക്കുന്ന ദിവസങ്ങളില്‍ യുവാക്കള്‍ അവതരിപ്പിക്കുന്ന വേലയാണ് പൂരക്കളി. മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പ്രധാനപ്പെട്ട വേലപൂരങ്ങള്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണെങ്കിലും പൂരക്കളി ഉത്തരമലബാറിലാണ് അനുഷ്ഠിച്ചു വരുന്നത്. പൂരക്കളി സംഘകാലം മുതല്‍ക്കെ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. പെരിയാഴ്വാര്‍ എന്ന വിഷ്ണുസിദ്ധന്റെ വളര്‍ത്തുമകളായ ആണ്ടാള്‍ രചിച്ച കൃതികളായ തിരുപ്പാവൈയും നാച്ചിയാര്‍ തിരുമൊഴിയിലുമാണ് പൂരക്കളിയെപ്പറ്റി പറയുന്നത്.
മാര്‍ഗ്ഗംകളി
തോമാശ്ലീഹായുടെ പിന്മുറക്കാരായ കേരളത്തിലെ മാര്‍തോമാ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഒരു സംഘനൃത്തമാണ് മാര്‍ഗ്ഗംകളി. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാന കലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണിത്. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം. മുന്നൂറു വര്‍ഷം മുന്‍പു ജീവിച്ചിരുന്ന ചിന്നത്തമ്പി അണ്ണാവി എന്നയാളാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയത്.
ഒപ്പന
കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജനകീയ കലാരൂപമാണ് ഒപ്പന. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ഉത്തരകേരളത്തിലെ മുസ്‌ലിം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിന്നിരുന്നത്. 'അബ്ബന' എന്ന അറബി വാക്കില്‍ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത്. അറബി നാടോടി ഗാനങ്ങളുടെ താളം പിന്‍പറ്റി മലബാറില്‍ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയില്‍ ഒപ്പനയ്ക്കിടയില്‍ ആലപിക്കുന്നത്.
കോല്‍ക്കളി
ഉത്തരമലബാറിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു കലാരൂപമാണ് കോല്‍ക്കളി. ചടുലതാളങ്ങളും പാട്ടിന്റെ വേഗതയും കൊണ്ട് കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ അവതരണം. കളരിപ്പയറ്റില്‍ നിന്നാണ് കോല്‍ക്കളി രൂപം കൊണ്ടതെന്നാണ് പറയപ്പെടുന്നത്. കാപ്പാട് കടപ്പുറത്തെ മുസ്‌ലിം മത വിശ്വാസികളായ മുക്കുവന്‍മാര്‍ അവരുടെ ആരോഗ്യ പരിപാലനത്തിനായി ചെയ്തുവന്നിരുന്ന ഒരു ആയോധന കലയാണ് കോല്‍ക്കളി. 1850കളില്‍ പൈതല്‍ മരക്കാര്‍ ചിട്ടപ്പെടുത്തിയതാണ് കോല്‍ക്കളിയെന്നാണ് പറയപ്പെടുന്നത്.
ദഫ്മുട്ട്
കേരളത്തിലെ ഇസ്‌ലാംമത വിശ്വാസികളുടെ ഇടയില്‍ പ്രചാരമുള്ള കലാരൂപമാണ് ദഫ്മുട്ട്. ദഫ് എന്നത് ഒരു പേര്‍ഷ്യന്‍ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോല്‍ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിര്‍മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളില്‍ ആഘോഷവേളകളില്‍ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തില്‍ ഇസ്‌ലാംമതത്തിന്റെ പ്രചാരത്തിനു മുന്‍പുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളില്‍ ഈ കല പതിവുണ്ടായിരുന്നത്രേ.
കഥകളി
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്ത്രക്കളി, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കല്‍ നാടന്‍ കലാരൂപങ്ങളുടെ അംശങ്ങള്‍ കഥകളിയില്‍ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മഹാകവി വള്ളത്തോള്‍ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു. നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപാധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കഥകളിയുടെ മര്‍മ്മം.
കുച്ചുപ്പുടി
കുച്ചിപ്പുടി ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡി ഗ്രാമത്തിലാണ് പിറവിയെടുത്തത്. തെലുങ്കാനയിലെ ക്ഷേത്രങ്ങളില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രാകൃതനാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കകത്ത് ദേവദാസികള്‍ നൃത്തം ചെയ്തപ്പോള്‍, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാര്‍ അവരുടേതായ നാട്യാമേളാനാടകങ്ങള്‍ അവതരിപ്പിച്ചു. ഇതിനെ ഭാഗവതമേളാനാടകങ്ങള്‍ എന്നു പറഞ്ഞിരുന്നു. മേളാനാടകങ്ങളുടെ പരിഷ്‌കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തില്‍ പ്രചാരത്തില്‍ വന്നു. പില്‍ക്കാലത്ത് ആ ഗ്രാമത്തിന്റെ പേരില്‍തന്നെ ഈ നാട്യരൂപം അറിയപ്പെടുകയും ചെയ്തു.
ഓട്ടന്‍തുള്ളല്‍
മുന്നുറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌കരിച്ച ജനകീയ കലാരുപമാണ് ഓട്ടന്‍തുള്ളല്‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടന്‍തുള്ളല്‍ അറിയപ്പെടുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങള്‍ക്ക് ആകര്‍ഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടന്‍തുള്ളലില്‍. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."