മിസൈല്‍ പരീക്ഷണം: അമേരിക്കയുടെ താക്കീത് തള്ളി ഇറാന്‍
ടെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്കയുടെ താക്കീത് തള്ളി ഇറാന്‍. ആവര്‍ത്തിച്ചുള്ള ഈ താക്കീതുകള്‍ തികച്ചും അടിസ്ഥാനരഹിതവും പ്രകോപനപരവുമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് ബഹ്‌റം കാസിമി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍നയോട് പറഞ്ഞു.
തീവ്രവാദത്തിനെതിരെ തുടര്‍ച്ചയായി പോരാടുന്നതിന് ഇറാനോട് നന്ദി പറയുന്നതിന് പകരം ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇത് തീവ്രവാദത്തിന് കരുത്തു പകരുകയാണ് ചെയ്യുകയെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
വന്‍രാഷ്ട്രങ്ങളുമായി ഏര്‍പ്പെട്ട ആണവകരാറിന്റെ ലംഘനമാണ് മിസൈല്‍ പരീക്ഷണമെന്ന ആരോപണവും ശരിയല്ല. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഒരു മിസൈല്‍ പോലും ഇറാന്‍ രൂപകല്പന ചെയ്തിട്ടില്ലെന്നും കാസിമി പറഞ്ഞു.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയങ്ങളുടെ ലംഘനമാണെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്‍ പറഞ്ഞിരുന്നു.
അനുഭവസമ്പന്നനല്ലാത്ത ഒരു ഭരണാധികാരിയുടെ ഭീഷണി തങ്ങള്‍ കാര്യമാക്കുന്നില്ല. നേരത്തെയും ഇത്തരം ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമോനി പറഞ്ഞു. ഇറാന് സ്വയം പ്രതിരോധിക്കാന്‍ മറ്റു രാജ്യങ്ങളുടെ അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."