HOME
DETAILS

മതഭ്രാന്തു വളരുന്ന കേരളത്തില്‍ വിവേകാനന്ദ സ്പര്‍ശത്തിന്റെ പ്രസക്തി

  
backup
January 08 2018 | 02:01 AM

importance-of-vivekanandas-ideology-in-kerala

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ നൂറ്റിയിരുപത്തഞ്ചാം വര്‍ഷത്തിലൂടെയാണു കേരളം കടന്നുപോകുന്നത്. ഈ ചരിത്രസന്ദര്‍ഭം 'വിവേകാനന്ദസ്പര്‍ശ'മെന്ന പേരില്‍ സമുചിതമായി ആചരിക്കാന്‍ കേരളസര്‍ക്കാര്‍ നേതൃത്വം നല്‍കിവരുന്നതിനെയും ഗ്രന്ഥശാലാസംഘത്തിന്റെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാപഞ്ചായത്ത് തലങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നുവരുന്നതിനെയും പൊതുവില്‍ അഭിനന്ദിക്കാതെ വയ്യ. പക്ഷേ 'മിണ്ടാത്തതിലും ഭേദമാണു കൊഞ്ഞപ്പ് ' എന്ന നിലയിലേ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളസര്‍ക്കാറിന്റെ 'വിവേകാനന്ദസ്പര്‍ശം' പരിപാടിയെയും അഭിനന്ദിക്കാനാവൂ. 

 

സര്‍ക്കാര്‍ ഉപദേശകരും ഡോ. സുനില്‍ പി. ഇളയിടം, ഡോ. ധര്‍മ്മരാജ് അടാട്ട് തുടങ്ങിയ കമ്യൂണിസ്റ്റ് സഹയാത്രികരായ ബുദ്ധിജീവികളും കുറേക്കൂടി സര്‍ഗാത്മകമായി ഇടപെട്ടിരുന്നെങ്കില്‍ 'വിവേകാനന്ദസ്പര്‍ശം' വര്‍ഗീയതക്കും മതഭ്രാന്തിനുമെതിരായ ജനകീയമഹോത്സവമാക്കി മാറ്റാമായിരുന്നു. ശ്രീരാമകൃഷ്ണമഠം മഠാധിപതികളുമായി ബന്ധപ്പെട്ടും സംസ്ഥാന-ജില്ലാതല സമിതികള്‍ ഉണ്ടാക്കിയും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതും സ്വാമി വിവേകാനന്ദന്റെ ചിന്തകളും ജീവിതവുമായി ബന്ധപ്പെട്ടതുമായ കവിത, പ്രബന്ധം, ചിത്രരചന, പദ്യോച്ചാരണം, കഥാപ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ നടത്തിയും ഈ പരിപാടി കുറെക്കൂടി ജനപങ്കാളിത്തമുള്ളതും സര്‍ഗാത്മകവുമാക്കി മാറ്റാനാകുമായിരുന്നു.
അത്തരം നീക്കങ്ങളൊന്നുമുണ്ടാവാതെ പോയതിന്റെ സങ്കോചബാധയെ വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിച്ചു മാത്രമേ സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച 'വിവേകാനന്ദസ്പര്‍ശം' എന്ന പരിപാടിയെ അഭിനന്ദിക്കാനാവൂ. 'മതഭ്രാന്തും വര്‍ഗീയവിദ്വേഷവും ചെറുക്കുക, സര്‍വവേദസമാദരമാര്‍ന്ന മതമൈത്രിയുടെ മാനവവിവേകം വളര്‍ത്തുക, ഈ മഹത്തായ ഭാരതീയപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക ഇതാണു സ്വാമി വിവേകാനന്ദന്റെ ജീവിതസന്ദേശത്തിന്റെ കാതല്‍. ഇക്കാര്യം അദ്ദേഹത്തിന്റെ വിശ്രുതമായ ചിക്കാഗോ പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ചിക്കാഗോയിലെ വിശ്വമതമഹാസമ്മേളനത്തില്‍ 'അമേരിക്കയിലെ എന്റെ സഹോദരീസഹാദരന്മാരേ' എന്നു തുടങ്ങുന്ന പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ''വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തും ഈ സുന്ദരഭൂമിയെ ദീര്‍ഘകാലമായി കൈയടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു. മനുഷ്യരക്തത്താല്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്‌കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്കു തള്ളിവിടുകയും ചെയ്തിരിക്കുന്നു.
ഈ കൊടുംപിശാചുക്കളില്ലായിരുന്നെങ്കില്‍ മനുഷ്യസമുദായം വളരെയേറെ പുരോഗമിക്കുമായിരുന്നു. ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ഥം ഇന്നു പുലര്‍കാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റെയും വാളുകൊണ്ടോ പേനകൊണ്ടോയുള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗര്‍മനസ്യങ്ങളുടെയും മരണമണിയായിരിക്കട്ടെ എന്നു ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു'' (വിവേകാനന്ദ സാഹിത്യ സംഗ്രഹം; പേജ് 2, 3)
'തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും അഭിശപ്തമായ ജാതീയാസമത്വങ്ങളുടെയും അനാചാരഭ്രാന്ത് മറ്റെങ്ങുമില്ലാത്തവിധം കേരളത്തില്‍ കണ്ടതിനെതിരേ 'മലബാറികള്‍ക്കു മുഴുവന്‍ ഭ്രാന്താണ്, മലബാര്‍ ഭ്രാന്താലയവും' എന്നു പറഞ്ഞു സ്വാമി വിവേകാനന്ദന്‍ ജാതിഭ്രാന്തിനെതിരേ മാത്രമല്ല മതഭ്രാന്തിനെതിരേയും പറഞ്ഞിട്ടുണ്ട്. ജാതിഭ്രാന്ത് ഇല്ലാതാക്കേണ്ടതു നന്മയാണ്. ആ നന്മ മറ്റേത് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ നന്നായി നടപ്പില്‍ വരുത്തുന്നതില്‍ ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട് എന്നിവരുടെ പ്രവര്‍ത്തനങ്ങളാലും ജാതിവിവേചനം കൂടാതെ പ്രവേശനം അനുവദിച്ചിരുന്ന ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളാലും ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടു പ്രബലപ്പെട്ട ഇടതുപക്ഷ-മതനിരപേക്ഷ രാഷ്ട്രീയപ്രവര്‍ത്തനങ്ങളാലും കേരളത്തിനു സാധിച്ചിട്ടുണ്ട്.


നമ്പൂതിരി യുവതി ഈഴവ യുവാവിനെയെയോ നായര്‍ യുവതി ആദിവാസി യുവാവിനെയോ പ്രേമിച്ചാലോ വിവാഹം കഴിച്ചാലോ അവരെ തല്ലിക്കൊല്ലണമെന്നു വിധിക്കുന്ന ജാതിപഞ്ചായത്തുകള്‍ ഉത്തരേന്ത്യയിലെന്നപോലെ കേരളത്തില്‍ ഇല്ലെന്നതു വാസ്തവമാണ്. ഇത്തരം ജാതിപഞ്ചായത്തുകള്‍ കേരളത്തില്‍ ഇല്ലാതാക്കാന്‍ 'ഹൈന്ദവ സോദരാ സര്‍വ്വൈ' (ഹിന്ദുക്കളെല്ലാം സഹോദരങ്ങളാണ്) എന്നു പറയുന്ന ആര്‍.എസ്.എസുകാരല്ല 'നമ്പൂതിരിയോടു മനുഷ്യനാകാന്‍' പറഞ്ഞ വി.ടി ഭട്ടതിരിപ്പാടും പ്രേംജിയും, എം.ആര്‍.ബിയും ഇ.എം.എസും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ ഉണ്ണിനമ്പൂതിരി പ്രസ്ഥാനം പോലുള്ള നവോത്ഥാന മുന്നേറ്റങ്ങളാണു കാരണമെന്നതും ചരിത്രവസ്തുതയാണ്.
ആര്‍.എസ്.എസുകാര്‍ക്കു ജാതിഭ്രാന്ത് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ക്കു പ്രാബല്യമുണ്ടെന്ന് ആര്‍.എസ്.എസുകാര്‍ വീമ്പുപറയുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരൊറ്റ ജാതിപഞ്ചായത്തുകളോ ജാതി മാറി വിവാഹം കഴിച്ചവരെ കൊന്നുകളയുന്ന 'അഭിമാനഹത്യ'കളോ ഉണ്ടാകുമായിരുന്നില്ല. അതിനാലാണു പറഞ്ഞത് കേരളത്തില്‍ അയിത്താചരണത്തിന്റെ ജാതിഭ്രാന്ത് ഇല്ലാതാക്കിയതു നവോത്ഥാന മുന്നേറ്റങ്ങളും ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനങ്ങളുമാണെന്ന്.
എന്നാല്‍, ജാതിഭ്രാന്തു നാടുനീങ്ങിയ കേരളത്തില്‍ മതഭ്രാന്തു വളര്‍ത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നുവരുന്നുണ്ട്. അതിന്റെ മ്ലേച്ഛമായ ഉദാഹരണങ്ങളാണു ശശികല ടീച്ചറും എം.എം അക്ബറും ഹിന്ദു ഹെല്‍പ്‌ലൈന്‍, ക്രിസ്ത്യന്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങിയ സൈബര്‍ കൂട്ടായ്മകളും മറ്റും. 'നമ്പൂതിരി മുതല്‍ നായാടി വരെയും ആദിവാസി മുതല്‍ അമ്പലവാസി വരെയുമുള്ളവരുടെ ഐക്യം' എന്ന മുദ്രാവാക്യമുയര്‍ത്തി വെള്ളാപ്പള്ളി നടേശനും രാഹുല്‍ ഈശ്വറും ചെയ്തതും ചെയ്തുവരുന്നതുമായ പ്രവര്‍ത്തനങ്ങളെല്ലാം 'ഹൈന്ദവ സോദരാ സര്‍വ്വൈ എന്ന സംഘപരിവാര ഫാസിസ്റ്റ് അജന്‍ഡയുടെ നിലപാടിനോട് ഐക്യപ്പെടുന്ന ഒളിഞ്ഞതോ തെളിഞ്ഞതോ ആയ കുറുമുന്നണി പ്രവര്‍ത്തനങ്ങളാണ്.


ജന്മിത്തവ്യവസ്ഥയിലെന്ന പോലെ ജാതിഭ്രാന്തു വേരുപിടിപ്പിച്ചെടുക്കാന്‍ സാധ്യമല്ലാത്തവിധം ആധുനികവും ജനാധിപത്യപരവുമായ പൊതുജീവിതവികസനം അഥവാ നാഗരികത പ്രബലപ്പെട്ടുകഴിഞ്ഞ കേരളത്തില്‍ ജാത്യാതീത ഹിന്ദുത്വമെന്ന മതഭ്രാന്തു വളര്‍ത്തിയെടുത്തു രാഷ്ട്രീയമുതലെടുപ്പു നടത്തുവാനാണു സംഘ്പരിവാരം ശ്രമിക്കുന്നത്. അതിന്റെ ക്ഷണിതാക്കളാകാന്‍ വെള്ളാപ്പള്ളി നടേശനും രാഹുല്‍ ഈശ്വറും സി.കെ ജാനുവും കാളിദാസ ഭട്ടതിരിയുമൊക്കെ കിണഞ്ഞു ശ്രമിച്ചു! ശ്രമിച്ചുവരുന്നു എന്നതാണു കുറേക്കൂടി യോജിക്കുന്ന പദം.
ജാത്യതീത ഹിന്ദുത്വസാഹോദര്യമെന്ന ആര്‍.എസ്.എസ് ഫാസിസ്റ്റ് അജന്‍ഡയില്‍ മഹത്തരമായ എന്തോ ഉണ്ടെന്നു കെ.പി രാമനുണ്ണിയെപ്പോലുള്ളവരും പങ്കുവയ്ക്കുന്നുണ്ട്. ഈയിടെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സമ്പാദിക്കപ്പെട്ട 'ദൈവത്തിന്റെ പുസ്തകം' എന്ന നോവലില്‍ കെ.പി രാമനുണ്ണി എഴുതിയിരിക്കുന്നു, 'ജാതിഭേദമില്ലാതെ മതഭേദമില്ലാതെ ഞാന്‍ ഇന്ത്യക്കാരനാണെന്നു പറയിക്കുന്ന മഹാത്മജിയും ഒത്തു ചേര്‍ന്നാലേ നമ്മുടെ രാജ്യം പുരോഗമിക്കൂ' (പേജ് 576). ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറും ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദം ആദര്‍ശമാക്കിയ ഗോഡ്‌സെയാല്‍ കൊല്ലപ്പെട്ട ഗാന്ധിജിയും ഒന്നിച്ചാലേ ഇന്ത്യ പുരോഗമിക്കൂവെന്ന വാദം മനുസ്മൃതി കത്തിച്ച അംബേദ്കറും മനുസ്മൃതി എഴുതിയ മനുവും ഒന്നിച്ചാലേ ഇന്ത്യ പുരോഗമിക്കൂ എന്ന വാദം പോലെ അസംബന്ധമാണ്.


ഇത്തരം നിരവധി ഐക്യമുന്നണികളിലൂടെയും പുരസ്‌കൃതവും പുരസ്‌കൃതമല്ലാത്തതുമായ സാംസ്‌കാരിക-സാഹിത്യ വാങ്മയങ്ങളിലൂടെയും ജാതിഭ്രാന്തു നാമാവശേഷമായ കേരളത്തില്‍ 'ഹിന്ദുത്വ രാഷ്ട്രീയഭ്രാന്ത് ' പ്രസക്തവല്‍ക്കരിക്കപ്പെട്ടു വരികയാണ്. ഈയൊരു ഘട്ടത്തിലാണു ജാതി-മത ഭ്രാന്തുകള്‍ക്കെതിരേ ഇന്ത്യയ്ക്കകത്തും പുറത്തും ആഞ്ഞടിച്ച ആധ്യാത്മികപ്രതിഭയായ സ്വാമി വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ നൂറ്റിയിരുപത്തഞ്ചാം വര്‍ഷത്തോടനുബന്ധിച്ചു വിവേകാനന്ദ സ്പര്‍ശം ആചരിച്ചു വരുന്നത്. അതിന്റെ ഗൗരവം വളരെ വലുതാണ്.
മുസ്‌ലിംകളുടെയും ക്രൈസ്തവരുടെയും മതഭ്രാന്തിനെതിരേയാണ്, ഹിന്ദുക്കളുടെ മതഭ്രാന്തിനെതിരേയല്ല സ്വാമി വിവേകാനന്ദന്‍ സംസാരിച്ചിട്ടുള്ളതെന്നും ഹിന്ദുക്കള്‍ക്കു മതഭ്രാന്തില്ലെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. ആര്‍.എസ്.എസ് പ്രചാരകനായ പി.പരമേശ്വരന്‍ എഡിറ്റ് ചെയ്തു പുറത്തിറക്കിയ ഒരു പ്രബന്ധസമാഹാരമുണ്ട്. സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവുമെന്നാണു പുസ്തകത്തിന്റെ പേര്. അതില്‍ ആര്‍.എസ്.എസ് ശിബിരങ്ങള്‍ക്കു വിളക്കുകൊളുത്തി കൊടുക്കുന്നത് അഭിമാനധര്‍മ്മമായി കരുതിവരുന്ന സ്വാമി ചിദാനന്ദപുരി (കൊളത്തൂര്‍ അദ്വൈതാശ്രമം കോഴിക്കോട്) എഴുതിയ ലേഖനത്തില്‍ ഇങ്ങനെയുണ്ട്: 'സകല മതങ്ങളെയും കിണറ്റിലെ തവളകളായി വിശേഷിപ്പിച്ചുകൊണ്ടു സനാതനധര്‍മത്തിന്റെ ഔന്നത്യം വിളംബരം ചെയ്യാനുള്ള സ്വാമിജി (വിവേകാനന്ദ സ്വാമികളുടെ)യുടെ ആര്‍ജ്ജവം അപാരമായിരുന്നു.' (സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും-പേജ് 65)
ചിദാനന്ദപുരി എഴുതിയിരിക്കുന്നതു വായിക്കുന്ന 'സംഘിമനസ്സ് ' കരുതുക സ്വാമി വിവേകാനന്ദന്‍ മുസ്‌ലിംകളെയും ക്രൈസ്തവരെയും പൊട്ടക്കിണറ്റിലെ തവളകളായി കണ്ടിരുന്നുവെന്നാണ്. വാസ്തവമതല്ല. മതഭ്രാന്തിനും വിദ്വേഷത്തിനും വര്‍ഗീയതയ്ക്കുമെല്ലാം കാരണം സ്വന്തം മതത്തിനപ്പുറം മറ്റൊന്നും മനസിലാക്കാനാവാത്ത ബോധപരമായ സങ്കുചിതത്വമാണെന്നും ആ സങ്കുചിതത്വം മതക്കാരെ പൊട്ടക്കിണറ്റിലെ തവളകളാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: 'ഞാനൊരു ഹിന്ദു. ഞാനെന്റെ കൊച്ചു കിണറ്റിലിരിക്കുകയാണ്. എന്റെ കൊച്ചുകിണറാണു ലോകമെന്നു വിചാരിക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനി അവന്റെ കൊച്ചുകിണറിലിരിക്കുന്നു. തന്റെ കിണറുതന്നെയാണ് ഈ ലോകമെല്ലാമെന്നു വിചാരിക്കുന്നു. മുഹമ്മദീയന്‍ അവന്റെ ചെറു കിണറ്റിലിരിക്കുന്നു. അതുതന്നെ ലോകം മുഴുവനുമെന്നു വിചാരിക്കുന്നു.


നമ്മുടേതായ ഈ കൊച്ചുലോകത്തിന്റെ പ്രതിബന്ധങ്ങളെ തകര്‍ത്തുവീഴ്ത്താന്‍ ചെയ്യുന്ന മഹത്തായ പരിശ്രമത്തിന് അമേരിക്കയിലെ നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു. ഭാവിയില്‍ നിങ്ങളുടെ ഉദ്ദിഷ്ട സിദ്ധിക്കു ഭഗവാന്‍ തുണയ്ക്കുമെന്നു ഞാന്‍ ആശിക്കുകയും ചെയ്യുന്നു.'' (വിവേകാനന്ദ സാഹിത്യ സംഗ്രഹം-പേജ് 4)
സ്വാമി വിവേകാനന്ദന്‍ പൊട്ടക്കിണറ്റിലെ തവള മനോഭാവം ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കുമുണ്ടെന്നു മാത്രമല്ല ഹിന്ദുക്കള്‍ക്കുമുണ്ടെന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം മറച്ചുവച്ചുകൊണ്ടു വിവേകാനന്ദന്റെ 'പൊട്ടക്കിണറ്റിലെ തവള' പ്രയോഗത്തെപ്പറ്റി എഴുതുന്നതു കള്ളപ്രചാരണമാണ്. വിദ്വേഷം ആത്മാവായ ജാതി-മത-ദേശ ഭ്രാന്തുകള്‍ക്ക് എതിരായി വിവേകം ആത്മാവായ വിശ്വമാനവസാഹോദര്യത്തിന്റെ സ്വരമുയര്‍ത്തിയെന്നതാണു വര്‍ഗീയവിദ്വേഷങ്ങള്‍ നാടുഭരിക്കുവാന്‍ തന്ത്രങ്ങള്‍ മെനയുന്ന ഇക്കാലത്തും സ്വാമി വിവേകാനന്ദനെ അത്യന്തം പ്രസക്തനാക്കുന്നത്. ഇതു തിരിച്ചറിയാനുള്ള വിവേകസ്പര്‍ശം മതനിരപേക്ഷ ജനാധിപത്യ കേരളത്തിനുണ്ടാകട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago