നാടക വേദിയില്‍ സംഘാടകനാടകം
തൃശൂര്‍: സംഗീത നാടക അക്കാദമി ഹാളിലെ ഹൈസ്‌കൂള്‍ നാടകവേദിയായ ദേവതാരുവിലേക്ക് പൂര നഗരി ചുരുങ്ങിയെങ്കിലും സംഘാടനപ്പിഴവില്‍ നാടകപ്രേമികള്‍ വീര്‍പ്പുമുട്ടി. തിങ്ങി നിറഞ്ഞ വേദിയില്‍ ശ്വാസമെടുക്കാന്‍ പോലും പാടുപെട്ട് നിന്നും നിലത്തിരുന്നുമാണ് നാടകപ്രേമികള്‍ ആസ്വാദനകര്‍മം നിര്‍വഹിച്ചത്.
400 പേര്‍ക്കു മാത്രമിരിക്കാവുന്ന സീറ്റുകളാണ് ക്രമീകരിച്ചിരുന്നത്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് നാടകപ്രേമികള്‍ കലോത്സവവേദികള്‍ കയ്യടക്കാറുണ്ട്. ഇത് മുന്നില്‍കാണാതെയാണ് വേദി നിശ്ചയിച്ചതെന്നും, വേണ്ടത്ര ശബ്ദ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും കാണികള്‍ കുറ്റപ്പെടുത്തി.
സമയക്രമം പാലിച്ചാണ് നാടകമത്സരം തുടങ്ങിയതെങ്കിലും ഒന്നാമത്തെ നാടകം കഴിഞ്ഞതോടെ സ്ഥലപരിമിതിയെച്ചൊല്ലി കാണികള്‍ പ്രതിഷേധമാരംഭിച്ചു. 10.30 ഓടെ നാടക വേദിയിലെത്തിയ മന്ത്രി സി. രവീന്ദ്രനാഥിനോട് നാടകപ്രേമികള്‍ പരാതികള്‍ അറിയിക്കുകയും ഹാളിനുപുറത്ത് എല്‍.ഇ.ഡി മോനിറ്റര്‍ വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹാളിലെ ബാല്‍ക്കണി തുറന്നുകൊടുക്കാത്തതും തിരക്കിന് കാരണമായി.
ജഡ്ജസിനു പിന്നില്‍ ഒഴിഞ്ഞു കിടന്ന മൂന്ന് വരി കസേരകളില്‍ കാണികളെ നിയമത്തിന്റെ പേരുപറഞ്ഞിരുത്തിയിരുന്നില്ല. കാണികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു വരിയാക്കി ചുരുക്കിയെങ്കിലും സീറ്റുകള്‍ പര്യാപ്തമായിരുന്നില്ല.
അന്താരാഷ്ട്ര നാടകോത്സവത്തില്‍ പോലും രണ്ടുവരിയാണ് ജഡ്ജസിനെ സ്വാധീനിക്കാതിരിക്കാന്‍ ഒഴിച്ചിടാറുള്ളത്. ഹയര്‍സെക്കന്‍ഡറി നാടകമത്സരം ഇന്ന് ഇതേ വേദിയില്‍ നടക്കാനിരിക്കെ പ്രേക്ഷക സഹസ്രങ്ങളെ തൃപ്തിപ്പെടുത്താന്‍ സംഘാടകര്‍ പാടുപെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."