കോലടക്കം കോയക്ക് ജീവതാളം
തൃശൂര്‍: പുരാതന മാപ്പിളപ്പാട്ടുകളുടെ ഈണത്തിനൊപ്പിച്ച് മെയ്‌വഴക്കത്തോടെ ചുവടൊപ്പിച്ച് ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും കോല്‍ക്കളി സംഘം അക്ഷരാര്‍ഥത്തില്‍ കാണികളെ കയ്യിലെടുത്തപ്പോള്‍ കലോത്സവനഗരിയില്‍ ഉള്ളം തുറന്ന് സന്തോഷിക്കുന്ന അമ്പത്തെട്ടുകാരനുണ്ട്. കോഴിക്കോട്ടെ പന്നിയങ്കര സ്വദേശി കോയ.
ഇദ്ദേഹം പരിശീലിപ്പിക്കുന്ന കാസര്‍കോട്ടെ ദുര്‍ഗ, പാലക്കാട്ടെ അസീസി, ഇടുക്കിയിലെ അഗസ്റ്റിന്‍, പത്തനംതിട്ടയിലെ ഐരവണ്‍, വയനാട്ടെ പിണങ്ങോട് എന്നീ സ്‌കൂളുകളിലെ ടീമുകള്‍ ഈ വര്‍ഷം സംസ്ഥാനതലത്തില്‍ കൊമ്പുകോര്‍ക്കാനെത്തിയെന്ന നേട്ടം മാത്രം മതി ഈ പരിശീലകന്റെ തികവറിയാന്‍. 20 വര്‍ഷത്തോളമായി കോല്‍ക്കളിയിലെ തമ്പ്രാക്കന്മാര്‍ ഈ ആചാര്യന്‍ ഒരുക്കിയ ശിഷ്യര്‍ തന്നെ.
അരങ്ങില്‍ തകര്‍ക്കുന്ന ഈ സംഘങ്ങള്‍ക്ക് അണിയറയിലിരുന്ന് ചുവടുകള്‍ ചിട്ടപ്പെടുത്തിക്കൊടുക്കാന്‍ തുടങ്ങിയിട്ട് നാല്‍പതിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. 15 ാം വയസ്സില്‍ തുടങ്ങിയ കോല്‍ക്കളിയധ്യാപനം ഇന്ന് അദ്ദേഹത്തിന്റെ ജീവതാളമാണ്. ഓരോ പ്രാവശ്യവും പുതുമയാര്‍ന്ന ചുവടുകള്‍ പരീക്ഷിച്ച് കളിയുടെ മാറ്റ് കൂട്ടിക്കൊണ്ടേയിരിക്കുന്നു. ഒപ്പനയും, ഗുസ്തികളിയും മലര്‍മുല്ലയുമൊക്കെയായിരുന്നു ഇത്തവണത്തെ പ്രത്യേകയിനങ്ങള്‍. താനിപ്പോഴും കോല്‍ക്കളിയില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ചെറുപ്രായത്തില്‍ സംഭവിച്ച വാഹനാപകടത്തില്‍ ഇടതുകാലിന് പരുക്കേറ്റെങ്കിലും താളത്തിനൊത്ത് ചുവടുവെക്കാന്‍ കോയക്ക മനസ്സാ തയാറായിരുന്നു.
കണ്ണെത്തുന്നേടത്ത് കോലെത്തണം, കോലെത്തുന്നേടത്ത് മെയ്യെത്തണം, മെയ്യെത്തുന്നിടത്ത് മനസ്സെത്തണമെന്നാണ് കോല്‍ക്കളിയുടെ മന്ത്രം. ചിട്ടപ്പെടുത്തിയ ഈ ആയോധനകല ജനകീയമാക്കാന്‍ നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരങ്ങള്‍ വല്ലതും തേടിയെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്റെ കീഴില്‍ അഭ്യസിച്ച ആയിരക്കണക്കിന് ശിഷ്യരുടെ സ്‌നേഹവും ബന്ധങ്ങളുമാണ് തനിക്കുള്ള അംഗീകാരമെന്ന് ചെറുചിരിയോടെ കോല്‍ക്കളിയുടെ തമ്പുരാന്‍ കോഴിക്കോട്ടെ കോയ പറഞ്ഞു വെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."