ബോണക്കാട്: സര്‍ക്കാരിനെതിരേ നെയ്യാറ്റിന്‍കര രൂപതയുടെ ഇടയലേഖനം
തിരുവനന്തപുരം: ബോണക്കാട് സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നെയ്യാറ്റിന്‍കര രൂപതയുടെ ഇടയലേഖനം. നീതിയും ന്യായവും പുലരാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടെങ്കില്‍ ഇനിയും മൗനം പാലിക്കരുതെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ ഇടയലേഖനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രൂപതയിലെ ദേവാലയങ്ങളില്‍ കുര്‍ബ്ബാന വേളയില്‍ ഇന്നലെ വായിച്ച ഇടയലേഖനത്തിലാണ് സര്‍ക്കാരിനെതിരേ ബിഷപ്പിന്റെ സമരകാഹളം. ബോണക്കാട് പ്രശ്‌നം പരിഹരിക്കാന്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു അനുകൂല നിലപാടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി. വര്‍ഗീയ ശക്തികള്‍ക്കു കുടപിടിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തിെന്റ പ്രതീതിയാണ് അനുഭവപ്പെട്ടത്.
കുരിശുമലയില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യവുമായി രാജ്ഭവനുമുന്നില്‍ സഹനസമരം നയിച്ച സന്യാസിനിമാരെ ഒരു പ്രകോപനവുമില്ലാതെ പൊലിസ് മര്‍ദിച്ചത് നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. ഈ മാസം അഞ്ചിനും മലമുകളില്‍ പോകാനും പ്രാര്‍ഥിക്കാനും ആഗ്രഹിച്ചു വന്ന നൂറുകണക്കിനു വിശ്വാസികളെ പൊലിസ് ക്രൂരമായി തല്ലിച്ചതച്ചു. നൂറുകണക്കിനു വിശ്വാസികള്‍ അടിയേറ്റു വീഴുകയും ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഇതിനെതിരേ വരും നാളുകളില്‍ അതിശക്തമായ പ്രക്ഷേഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഇടയലേഖനത്തിലൂടെ ബിഷപ്പ് ആഹ്വാനം ചെയ്യുന്നു.
ചൊവ്വാഴ്ച രാവിലെ രൂപതയിലെ മുഴുവന്‍ വൈദികരുള്‍പ്പെടെയുള്ളവര്‍ റാലിയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തി ഉപവാസസമരം അനുഷ്ഠിക്കണമെന്നും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."