എല്ലമല സ്കൂള്‍ വിദ്യാര്‍ഥികളുടെ സമരപ്രഖ്യാപനം ഫലംകണ്ടു: ശൗചാലയത്തിന്റെ നിര്‍മാണം ഉടന്‍
ഗൂഡല്ലൂര്‍: എല്ലമല സ്കൂളിലെ വിദ്യാര്‍ഥികളുടെ സമരപ്രഖ്യാപനം ഫലം കണ്ടു. സമരത്തിന് മുന്‍പേ സ്കൂളില്‍ ശൗചാലയം നിര്‍മിക്കാന്‍ നീലഗിരി ജില്ലാ ടൗണ്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂള്‍ വിദ്യാര്‍ഥികളുടെ സമരപ്രഖ്യാപനം വാര്‍ത്തയായതോടെ സ്കൂള്‍ അധികൃതരെ ഊട്ടി കലക്ടറേറ്റിലേക്ക് വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഈയാഴ്ച തന്നെ ശൗചാലയത്തിന്റെ നിര്‍മാണം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്.
ഇതിനായി ഏഴ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍ രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ഊട്ടിയില്‍ ചര്‍ച്ച.
സഹനസമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും നീണ്ട നാളുകള്‍ക്കൊടുവിലാണ് എല്ലമല സ്കൂള്‍തന്നെ യാഥാര്‍ഥ്യമായത്. എന്നാല്‍ ഒരു ശൗചാലയം പോലും സ്കൂളിലുണ്ടായിരുന്നില്ല. ഉദ്ഘാടന വേളയില്‍തന്നെ ശൗചാലയമില്ലാത്തത് സ്കൂള്‍ പി.ടി.എ കമ്മിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉടന്‍ ഫണ്ട് വകയിരുത്തുമെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ശൗചാലയത്തിന്റെ കാര്യത്തില്‍ തീരുമാനമില്ലാതായതോടെ സ്കൂള്‍ അധികൃതര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടു.
ഇതോടെ 2015 സെപ്റ്റംബറില്‍ ഓവാലി പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ് സ്കൂളിന് ശൗചാലയം നിര്‍മിക്കാനുള്ള തീരുമാനമെടുത്തു. എന്നാല്‍ തീരുമാനം യാഥാര്‍ഥ്യമാക്കാന്‍ പഞ്ചായത്തിന് സാധിച്ചില്ല. ഈ വിഷയത്തില്‍ കലക്ടറെയും സ്കൂള്‍ അധികൃതര്‍ സമീപിച്ചിരുന്നു. ഉടന്‍ നടപടിയെടുക്കുമെന്നായിരുന്നു കലക്ടറുടെ മറുപടി. എന്നാല്‍ നടപടി ഉണ്ടായില്ല.
തുടര്‍ന്നാണ് പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ വ്യത്യസ്ത സമരമുറ ഒരുക്കിയത്. ഈമാസം 16ന് പഞ്ചായത്തിലെ ശൗചാലയം കയ്യേറിയുള്ള സമരമായിരുന്നു നടത്താന്‍ തീരുമാനിച്ചത്. സ്കൂളിലെ 126 വിദ്യാര്‍ഥികളും രക്ഷിതാക്കളുടെ സഹായത്തോടെ പഞ്ചായത്ത് ഓഫിസിലെ ശൗചാലയത്തില്‍ കൂട്ടമായി മൂത്രമൊഴിച്ച് സൂചനാസമരം നടത്താനായിരുന്നു തീരുമാനം.
എന്നാല്‍ കുട്ടികളുടെ സമരപ്രഖ്യാപനം വന്നതോടെതന്നെ അധികൃതര്‍ അനുകൂല നടപടിയുമായി രംഗത്തെത്തി. ചര്‍ച്ചയില്‍ ഈയാഴ്ച തന്നെ ശൗചാലയത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും സമരത്തില്‍ നിന്നും പിന്മാറണമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ സ്കൂള്‍ അധികൃതരോട് അഭ്യര്‍ഥിച്ചു.
ഇതേതുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനര്‍ പി ഹനീഫയുടെ നേതൃത്വത്തിലാണ് പി.ടി.എ ഭാരവാഹികളും അധ്യാപകരും അധികൃതരുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."