പ്രസ്താവന ആവര്‍ത്തികരുതെന്ന് നേതാക്കള്‍ ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്
തിരുവനന്തപുരം: എ.കെ.ജിക്കെതിരേ വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശം തെറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആദരവാര്‍ജിച്ച നേതാവാണ് എ.കെ.ജി. ഇത്തരം പരാമര്‍ശം ശരിയല്ല. ഇതുസംബന്ധിച്ച് ബല്‍റാമുമായി സംസാരിക്കുകയും വിശദീകരണം തേടുകയുമുണ്ടായി. എന്നാല്‍, സാമൂഹ്യമാധ്യമത്തിലെ ചര്‍ച്ചയ്ക്കിടെയുണ്ടായ വ്യക്തിപരമായ അഭിപ്രായമാണിതെന്നും ചിലര്‍ അതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് ബല്‍റാം വിശദീകരിച്ചത്. വ്യക്തിപരമായിപോലും അങ്ങനെ പറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഹസന് പറഞ്ഞു.
ബല്‍റാമിന്റെ പരാമര്‍ശങ്ങളോട് മറ്റു പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചു. എ.കെ.ജിക്കെതിരായ പരാമര്‍ശം പരിധി കടന്നതാണെന്നും ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആര്യാടന് മുഹമ്മദ് എന്നിവരും ബല്‍റാമിന്റെ പരാമര്‍ശം ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. സര്‍വസമ്മതനായ രാഷ്ട്രീയ നേതാവായിരുന്നു എ.കെ.ജിയെന്ന് ആര്യാടന് മുഹമ്മദ് പറഞ്ഞു. പിശക് തിരുത്താന്‍ ബല്‍റാം തയാറാകണം. രാഷ്ട്രീയമായ ഭിന്നത പുലര്‍ത്തിക്കൊണ്ടുതന്നെ അന്തസിന്റെ മാനം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ ബല്‍റാമിനോട് ആവശ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."