ജനറല്‍ ആശുപത്രിമുറ്റത്ത് പൊട്ടിയ കക്കൂസ് ടാങ്ക് താല്‍കാലികമായി അടച്ച് അധികൃതര്‍ തടിതപ്പി
പാലാ: ജനറല്‍ ആശുപത്രിമുറ്റത്ത് പൊട്ടിയൊഴുകുന്ന കക്കൂസ് ടാങ്കിന്റെ തകരാര്‍ ശാശ്വതമായി പരിഹരിക്കാതെ താല്കാലിക സംവിധാനമൊരുക്കി അധികൃതര്‍. പാലാ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് കക്കൂസ് ടാങ്ക് പൊട്ടിയൊഴുകി ഒരാഴ്ചയോളമായി പരിസരമാകെ മാലിന്യം കെട്ടിക്കിടന്നത്.
മാലിന്യത്തില്‍ ചവിട്ടാതെ ആശുപത്രിയിലേക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ആശുപത്രി ജീവനക്കാരും ഒ.പി.യില്‍ ചികിത്സ തേടിയെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും സന്ദര്‍ശകരും ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളും മാലിന്യത്തില്‍ ചവിട്ടിയാണ് ആശുപത്രിയിലേക്ക് കയറിയിരുന്നത്.
അത്യാഹിത വിഭാഗത്തിലും മുകള്‍ നിലകളിലെ പ്രസവ വാര്‍ഡിലും കുട്ടികളുടെ വാര്‍ഡുള്‍പ്പെടെയുള്ള മറ്റ് വാര്‍ഡുകളിലേക്കും ലാബോറട്ടറിയിലേക്കും വരെ കക്കൂസ് മാലിന്യം എത്തിച്ചേരാന്‍ ഇടയായിരുന്നു. ഇതോടെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയതോടെ ടാങ്ക് തുറന്ന് മുകളിലത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും സ്ലാമ്പ് ഇട്ട് മൂടി മുകളില്‍ മണ്ണ് വിരിയ്ക്കുകയും ചെയ്തു. ഇതോടെ മാലിന്യം ഒഴുകുന്നതിന് താല്കാലിക പരിഹാരമായെങ്കിലും ആഴ്ചയ്ക്കകം വീണ്ടും പൊട്ടിയൊഴുകാവുന്ന അവസ്ഥയാണ്. നിലവില്‍ ഒരു മഴ പെയ്താല്‍ പോലും ടാങ്ക് നിറഞ്ഞൊഴുകി പരിസരമാകെ വൃത്തിഹീനമാകും.
നൂറുകണക്കിന് രോഗികള്‍ ദിവസേന എത്തുന്ന ആശുപത്രിക്ക് മുന്നിലുള്ള പകര്‍ച്ചവ്യാധിഭീഷണി കണ്ടിട്ടും ആശുപത്രി അധികൃതര്‍ നിസംഗത കാട്ടിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഏഴുനില കെട്ടിടത്തിലായി മൂന്ന് ബ്ലോക്കുകളോടെ തലയുയര്‍ത്തി നില്‍ക്കുന്ന ജനറല്‍ ആശുപത്രിക്ക് മാലിന്യ സംസ്‌കരണത്തില്‍ ഇനിയും പരിഹാരം കണ്ടെത്താനായിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയുടെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകി സമീപത്തെ കിണറുകളിലും ഓടകളിലും റോഡിലും നിറഞ്ഞ് ആരോഗ്യഭീഷണി ഉയര്‍ത്തിയിരുന്നു. സമീപത്തെ സ്‌കൂളിന്റെ കിണറ്റിലെത്തിയ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് നിരവധി കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടിരുന്നു. സമാനസാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
ടാങ്കിന് സമീപം തളംകെട്ടിക്കിടക്കുന്ന കോളിഫോം ബാക്ടീരിയ നിറഞ്ഞ മലിനജലം പ്രവേശനവഴിയുടെ കുറുകെ ഒഴുകി എതിര്‍വശത്തെ ടിബി സെന്റിലേക്ക് ഒലിച്ചിറങ്ങുന്നു. ആശുപത്രിയിലേക്കുള്ള മരുന്നുകളും മറ്റും സൂക്ഷിക്കുന്ന സ്റ്റോറും ഈ കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്. ആശുപത്രി മുറ്റത്തുകൂടി ഒഴുകുന്ന മലിനജലം പ്രവേശനകവാടത്തില്‍ സ്ഥിതിചെയ്യുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോറിനു മുന്നിലൂടെ റോഡിലെ ഓടയിലേക്കാണ് ഒഴുകിയെത്തുന്നത്.
മെഡിക്കല്‍സ്റ്റോറില്‍ മരുന്ന് വാങ്ങാനെത്തുന്ന രോഗികളും പൊതുജനങ്ങളും മലിനജലത്തില്‍ ചവിട്ടിപോകേണ്ട സ്ഥിതിയാണ്.
മഴപെയ്താല്‍ മാലിന്യമെല്ലാം ഒഴുകി ആശുപത്രി ജംഗ്ഷനിലെ റോഡിലേക്കും അവിടെനിന്ന് ഓടകള്‍ വഴി നിരവധി കുടിവെളള സ്രോതസ്സുകളുളള മീനച്ചിലാറ്റിക്കും എത്തുന്ന സ്ഥതിയാണ്. ഇത് വ്യാപകമായ പകര്‍ച്ചവ്യാധിഭീഷണി സൃഷ്ടിക്കും. ഗുരുതരമായ ആരോഗ്യ ഭീഷണിയും പകര്‍ച്ചവ്യാധിഭീഷണിയും സൃഷ്ടിക്കുന്ന ആശുപത്രി മുറ്റത്തെ മാലിന്യത്തില്‍ കുമ്മായം വിതറി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴുഞ്ഞുമാറുന്ന അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."