ശിഷ്യരുടെ വിജയത്തിളക്കം മനക്കണ്ണില്‍ കണ്ട് ശരീഫ്
തൃശൂര്‍: അകക്കണ്ണില്‍ ശരീഫ് മാസ്റ്റര്‍ ചിട്ടപ്പെടുത്തി ശിക്ഷണം നല്‍കിയ വരികള്‍ക്ക് ഈണം നല്‍കി പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ ഉര്‍ദു സംഘഗാന സംഘം ഗുരുവിന് നല്‍കിയത് ഇരട്ടിമധുരം. കഴിഞ്ഞ പത്ത് വര്‍ഷം അധ്യാപകനായി ജോലി ചെയ്ത സ്‌കൂളിന് കലോത്സവത്തിലെ ആദ്യ വിജയം സമ്മാനിച്ച ശരീഫ് കടന്നമണ്ണക്ക് ഇത് അഭിമാന നിമിഷമാണ്.
ജന്മനാ കാഴ്ച ശക്തിയില്ലാത്ത ശരീഫ് നിലവില്‍ മലപ്പുറം ഇരുമ്പുഴി ഗവ.എച്ച്.എസ്.എസില്‍ ഇംഗ്ലീഷ് അധ്യാപകനാണ്. എങ്കിലും അധ്യാപനം ആരംഭിച്ച കൊപ്പം സ്‌കൂള്‍ അധികൃതര്‍ സ്‌നേഹത്തോടെ തന്നെ കുട്ടികളെ പരിശീലിപ്പിക്കാനായ് ക്ഷണിച്ചപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
15 വര്‍ഷമായി മാപ്പിളപ്പാട്ട് പരിശീലന രംഗത്തുള്ള ഇദ്ദേഹം ടി.വി റിയാലിറ്റി ഷോകളില്‍മാറ്റുരക്കുന്ന നിരവധിപേരെയും പരിശീലിപ്പിക്കുന്നുണ്ട്.
കൊല്ലം ജില്ലയില്‍ നടന്ന ഒന്നാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും, 2004 ല്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തിലും കലാപ്രതിഭയായിരുന്നു. പഴയ മാപ്പിളപ്പാട്ടുകളുടെ സി.ഡികളും കാസറ്റുകളും പുസ്തകങ്ങളുടെ വന്‍ ശേഖരവും ശരീഫിന്റെ പക്കലുണ്ട്. കേരള അന്ധ വിദ്യാലയം, മഞ്ചേരി ഗവ.സ്‌കൂള്‍, വളാഞ്ചേരി മര്‍കസ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കിയ ശരീഫ് ഖുര്‍ആന്‍ മുഴുവന്‍ മനപാഠവുമാക്കിയിട്ടുണ്ട്.
കൂടാതെ ബ്രെയിലി ലിപി ഉപയോഗിച്ച് മൊളിന്തഞ്ച് അബുജാഹില്‍ നിരന്ത് ഖുറൈശികള്‍ തന്‍ സഭയതിലേ... എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ശരീഫ് മാസ്റ്ററാണ്. ഇക്കഴിഞ്ഞ എം.ഇ.എസ് സംസ്ഥാന കലോത്സവത്തില്‍ ഈ ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചതോടെയാണ് ശരീഫ് എന്ന പരിശീലകന്‍ രചയിതാവെന്ന രീതിയിലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
കൂടാതെ കലോത്സവത്തിലെ മാപ്പിളപ്പാട്ട് വേദിയില്‍ ഓരോ ശിഷ്യരും ശരീഫ് മാഷിനെ ചേര്‍ത്തു പിടിച്ച് അനുഗ്രഹം വാങ്ങുന്നത് കൗതുകത്തോടെയായിരുന്നു സദസിലുള്ളവര്‍ നോക്കിക്കണ്ടത്. പാടിക്കൊടുത്ത ശിഷ്യരുടെ എണ്ണം ശരീഫ് മാഷിനറിയില്ല. ''പലരും നിര്‍ദേശങ്ങള്‍ക്കായി എന്റെയടുത്ത് വരാറുണ്ട്. കുട്ടികള്‍ വരികള്‍ വായിച്ച് തരും, ഞാന്‍ അവര്‍ക്ക് ഈണം പറഞ്ഞ് കൊടുക്കും'' ഇതാണെന്റെ പരിശീലന രീതി. ഇവിടെ എത്തിയപ്പോള്‍ പലരും എന്റെയടുക്കലേക്കെത്തുമ്പോഴാണ് ഞാന്‍ പരിശീലിപ്പിച്ചരാണ് മാപ്പിളപ്പാട്ടില്‍ മാറ്റുരക്കുന്നതെന്നറിഞ്ഞത്'' പരിശീലിപ്പിച്ച ശിഷ്യരുടെ എണ്ണം ചോദിച്ചപ്പോള്‍ ശരീഫ് മാഷ് പറഞ്ഞതിങ്ങനെയാണ്. ഭാര്യ റുബീനയും മക്കളായ ജാസിര്‍ ഹംദാനും, നാദിര്‍ മുഹമ്മദും ശരീഫിന്റെ പാട്ടിന്റെ വഴികളില്‍ കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."