ഇസ്രാഈല്‍ കുടിയേറ്റ പദ്ധതി സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് യു. എസ്
വാഷിങ്ടണ്‍: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നത് ഫലസ്തീനുമായുള്ള സമാധാനശ്രമങ്ങള്‍ക്ക് തടസ്സമാകുമെന്ന് യു. എസ് . 'നിലവിലെ കുടിയേറ്റ ഭവനങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് തടസമുണ്ടാക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ പുതിയ ഭവനങ്ങളുടെ നിര്‍മാണവും പഴയതിന്റെ വിപുലീകരണവും സമാധാന ശ്രമങ്ങളെ തുരങ്കം വെക്കും'.- വൈറ്റ് ഹൗസ് പുറത്തിറക്കിയ പുതിയ പ്രസ്താവയില്‍ ചൂണ്ടിക്കാട്ടി.
കുടിയേറ്റ പദ്ധതി വ്യാപിപ്പിക്കുന്നതില്‍ ഇസ്രാഈല്‍ ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്നാണ് യു.എസ് പ്രതികരണം. 1990കള്‍ക്ക് ശേഷം ആദ്യമായി അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ ഭവനം നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രാഈല്‍ പ്രഖ്യാപിച്ചിരുന്നു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത ഭവനങ്ങള്‍ നിര്‍മിക്കുമെന്നാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ്ബാങ്കിലെ ജൂദിയ സമരിയ മേഖലയില്‍ 3000 ഭവനങ്ങള്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിദ്‌ഗോര്‍ ലീബര്‍മാനുമാണ് ഉത്തരവിട്ടത്.
ഇസ്രാഈല്‍ അനുകൂല നിലപാടായിരുന്നു നേരത്തെ ട്രംപിന്റേത്. ഫലസ്തീനിലേക്കുള്ള ഇസ്രഈല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്ന യു.എന്‍ രക്ഷാ സമിതി പ്രമേയത്തെ ഡിസംബറില്‍ ട്രംപ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള നേരിയ നിലപാട് മാറ്റമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."