മൊയ്തീന്‍കുട്ടി ഹാജിയുടെ കുടുംബത്തിന് സാന്ത്വനമേകാന്‍ രാജാവിന്റെ പ്രതിനിധികള്‍
കാളികാവ്: വാഹനാപകടത്തില്‍ മരണപ്പെട്ട കല്‍പകഞ്ചേരി വളവന്നൂര്‍ സമതാ നഗറിലെ തയ്യില്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ കുടുംബത്തിനു ദുബൈയുടെ സാന്ത്വന സ്പര്‍ശം. ദുബൈ രാജ കൊട്ടാരത്തിലെ മുന്‍ ജീവനക്കാരനായ മൊയ്തീന്‍കുട്ടി ഹാജി തിങ്കളാഴ്ചയാണ് നാട്ടിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. 15 വര്‍ഷത്തോളം ദുബൈ സഅബീല്‍ കൊട്ടാരത്തില്‍ ഗതാഗത വകുപ്പില്‍ സേവനം അനുഷ്ടിച്ച ഇദ്ദേഹം രണ്ടു വര്‍ഷമായി ജോലി മതിയാക്കി നാട്ടില്‍ താമസമായിട്ട്.
യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേരിട്ടുള്ള പ്രതിനിധിയാണ് പരേതന്റെ കുടുംബത്തിനു സാന്ത്വന സന്ദേശവുമായിട്ടെത്തിയത്. വിശ്വസ്ഥ സേവനായിരുന്നു മൊയ്തീന്‍കുട്ടി ഹാജി എന്ന ഓര്‍മപ്പെടുത്തലാണ് രാജാവിന്റെ പ്രതിനിധികളുടെ സന്ദേശം വ്യക്തമാക്കുന്നത്. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഒരാളുടെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ രാജാവിന്റെ പ്രത്യേക ദൂതന്മാരെ അയക്കുന്നത് അപൂര്‍വമാണ്.
സഅബീല്‍ കൊട്ടാരത്തിലെ അഡ്മിസ്‌ട്രേറ്ററായ കാളികാവ് സ്വദേശിയായ കെ.പി ഹൈദരലിയാണ് ദുബൈ രാജകുടുംബ പ്രതിനിധി സംഘത്തിനു നേതൃത്വം നല്‍കിയത്. ദുബൈ മാനവ വിഭവശേഷി തലവന്‍ സൈഫ് അഹ്മദ് അലി അല്‍ ഫവാസി, സാമൂഹിക സേവന ഗതാഗത ഡയരക്ടര്‍ മര്‍വാന്‍ റഷീദ് ഖമീസ് ബ്‌നു മര്‍വാന്‍ അല്‍ കെതബി, ഭരണ നിര്‍വഹണ സംഘാടകനായ അഹ്മദ് ഖലീഫ, മുഹമ്മദ് അല്‍മാരി എന്നിവരാണ് ദുബൈ രാജകുടുംബ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."