'കുളം കോരിക്കോരി മടുത്തു..'
തേഞ്ഞിപ്പലം: ചേളാരി ജി.വി.എച്ച്.എസ് സ്‌കൂളിനോട് ചേര്‍ന്നുള്ള കരിങ്ങാംകുളം നവീകരണം ജനകീയ കൂട്ടായ്മയില്‍ തുടരുകയാണ്. എന്നാല്‍, സംഘാടകര്‍ക്കു തുടക്കത്തിലുള്ള ആവേശമൊക്കെ കെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ, കോരിയിട്ടും കോരിയിട്ടും കുളം പൂര്‍ണമായങ്ങ് ശുചിയാകുന്നില്ല, അതുതന്നെ കാരണം!
കുളം ശുചീകരണം തുടങ്ങിയിട്ട് ആറു ദിവസമായി. ഇതിനകം കുളത്തില്‍നിന്നു കോരിയെടുത്തു പുറംതള്ളിയത് എഴുപതിലധികം ലോഡ് ചെളിമണ്ണാണ്. 30 മീറ്റര്‍ നീളവും 14 മീറ്റര്‍ വീതിയുമുള്ള ഈ കുളത്തിന് 25 മീറ്ററെങ്കിലും ആഴമുണ്ടെന്നു പറയപ്പെടുന്നു. 17 മീറ്ററോളം ആഴത്തില്‍ മണ്ണു മാന്തിയെടുത്തു. ഇനിയും ഇരുപത് ലോഡിലേറെ മണ്ണ് കോരിയെടുക്കാനുമുണ്ട്. നാലു മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടയാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്.
എന്നാല്‍, തുടങ്ങിയ ദൗത്യം പൂര്‍ത്തീകരിക്കാതെ പിന്നോട്ടില്ലെന്ന മട്ടിലാണ് സംഘാടകര്‍. സാമ്പത്തിക ബാധ്യത സംരക്ഷണ സമിതി ഭാരവാഹികളെ അലട്ടുന്നുമുണ്ട്. പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ പത്തു ലക്ഷം രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നു.
സാമ്പത്തിക ബാധ്യത മറികടക്കാന്‍ സഹായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍.
കുളത്തിന്റെ നവീകരണ ചെലവിന് തുക ലഭ്യമാക്കാന്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടുമുണ്ട്. എം.എല്‍.എയെയും ജില്ലാ കലക്ടറേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ എ.പി സലീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."