നിലവാരം താഴുന്ന കേരളരാഷ്ട്രീയം
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെക്കുറിച്ച് കോണ്‍ഗ്രസ്സിന്റെ യുവ എം.എല്‍.എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച വിവാദമാണിപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിയേണ്ടി വന്ന എ.കെ.ജിയും അന്നു ബാലികയായിരുന്ന സുശീലയുമായുണ്ടായ പ്രണയവും പിന്നീട്, സുശീലയ്ക്ക് 22 വയസ്സായപ്പോള്‍ നടന്ന അവരുടെ വിവാഹവുമൊക്കെ ചൂണ്ടിക്കാട്ടി ബല്‍റാം നടത്തിയ പരാമര്‍ശമാണു വിവാദത്തിനു വഴിയൊരുക്കിയത്. എ.കെ.ജിയുടെ ആത്മകഥയില്‍ വിവരിക്കുന്ന ഇക്കാര്യം എടുത്തുപറഞ്ഞു ബല്‍റാം അദ്ദേഹത്തെ 'ബാലപീഡകന്‍' എന്നു വിശേഷിപ്പിച്ചതു വലിയതോതിലുള്ള പ്രതിഷേധമാണു ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തുചാടി ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ വളര്‍ന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവിന്റെ പദവിയില്‍വരെ എത്തിയ എ.കെ.ജി കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല കേരള ജനത മൊത്തത്തില്‍ ആദരിക്കുന്ന നേതാവാണ്. അത്തരമൊരു വ്യക്തിത്വത്തിന് അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടാകുമ്പോള്‍ വലിയ തോതില്‍ പ്രതിഷേധമുണ്ടാകുന്നതു സ്വാഭാവികമാണ്. ബല്‍റാമിന്റെ പാര്‍ട്ടിയുടെ തന്നെ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും അദ്ദേഹത്തെ തള്ളിപ്പറയേണ്ടി വന്നതിനു കാരണവും അതുതന്നെ.
കേരളത്തിലെ യുവ നേതാക്കളില്‍ അറിവിലും നിലപാടുകളിലും സാമൂഹ്യ ഇടപെടലുകളിലും ഏറെ ശ്രദ്ധേയനായ ബല്‍റാമില്‍നിന്ന് ആരും പ്രതീക്ഷിച്ചതല്ല അവിവേകമെന്നു വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു പ്രവൃത്തി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ജനാധിപത്യസമൂഹത്തില്‍ ആരോഗ്യകരമായ രാഷ്ട്രീയഇടപെടലിന്റെ ലക്ഷണമല്ല. അതുകൊണ്ട് ഇത് അപലപിക്കപ്പെടേണ്ടതു തന്നെയാണ്.
എങ്കിലും, കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇക്കാര്യത്തില്‍ ഒരേയൊരു പ്രതി ബല്‍റാമാണെന്നു പറയാനാവില്ല. കേരളരാഷ്ട്രീയത്തിനു മൊത്തത്തില്‍ സംഭവിച്ച നിലവാരത്തകര്‍ച്ചയുടെ അടയാളമാണിത്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും ഏറിയോ കുറഞ്ഞോ നിലവാരത്തകര്‍ച്ചയ്ക്കു സംഭാവന നല്‍കിയിട്ടുമുണ്ട്.
കുറച്ചുകാലമായി കേരളത്തിലെ പ്രമുഖനേതാക്കള്‍ പോലും ആര്‍ക്കെതിരേയും എന്തും പറയാന്‍ മടിക്കാത്തവരായി മാറിയിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിട്ടു യു.ഡി.എഫില്‍ ചേര്‍ന്നു മത്സരിച്ച ആര്‍.എസ്.പി സ്ഥാനാര്‍ഥിയെ മൈക്കിലൂടെ പരനാറിയെന്നു വിളിച്ച നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി.
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയിലെ ചര്‍ച്ചയ്ക്കിടയില്‍ തീര്‍ത്തും അനാവശ്യമായി ഉമ്മന്‍ചാണ്ടിയുടെ മകളെക്കുറിച്ച് പക്വതയുള്ള മനുഷ്യര്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പറഞ്ഞതു മറന്നുകാണില്ല. ഇതിനു പുറമെ പലര്‍ക്കുമെതിരേ അധിക്ഷേപപദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട് വി.എസ്. ഇതേ വി.എസിനെ പരസ്യമായി കാമഭ്രാന്തനെന്നു വിളിച്ച മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഇപ്പോള്‍ വി.എസിന്റെ തന്നെ മുന്നണിയുടെ എം.എല്‍.എയാണ്.
മറ്റു നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ എതിരായി കേരളരാഷ്ട്രീയത്തിലെ ഒറ്റയാനായ പി.സി ജോര്‍ജ് നടത്തിയ പദപ്രയോഗങ്ങള്‍ പലതവണ വാര്‍ത്തയില്‍ ഇടംനേടിയിട്ടുണ്ട്. വൈദ്യുതിമന്ത്രി എം.എം മണി നടത്തിയ പല പ്രസ്താവനകളും സഭ്യതയുടെ അതിരുലംഘിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഈ അടുത്തദിവസം അദ്ദേഹം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചിരുന്നു. കേരളരാഷ്ട്രീയത്തില്‍ ഏറെ മാന്യനായി വിലയിരുത്തപ്പെടുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈയിടെ നെഹ്‌റുകുടുംബത്തിലെ സ്ത്രീകളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു.
ഇങ്ങനെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കിടയിലാണു ബല്‍റാമിനെപ്പോലുള്ള യുവനേതാക്കള്‍ വളര്‍ന്നുവരുന്നത്. മുതിര്‍ന്നവരെ മാതൃകയാക്കിയാണ് ഇളമുറക്കാര്‍ വളരുന്നത്. ആശാന് ഒരക്ഷരം പിഴയ്ക്കുമ്പോള്‍ ശിഷ്യന് അമ്പത്തൊന്നെണ്ണവും പിഴയ്ക്കും. അതോടൊപ്പം, ബല്‍റാം പ്രകോപിതനായ ചുറ്റുപാടും കാണാതിരുന്നുകൂടാ. മണിയുടെയും കോടിയേരിയുടെയും പ്രസ്താവനകള്‍ കോണ്‍ഗ്രസുകാരെ സഹികെടുത്തുകയും ബല്‍റാമിന്റെ ഫേസ്ബുക്ക് പേജില്‍ ചില സി.പി.എം പ്രവര്‍ത്തകര്‍ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ പച്ചത്തെറി എഴുതിനിറയ്ക്കുകയും ചെയ്തപ്പോള്‍ അതിനൊക്കെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം.
അതെന്തൊക്കെയായാലും കേരളത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തിന് ഒട്ടും ചേരാത്തതരത്തില്‍ രാഷ്ട്രീയാന്തരീക്ഷം മലീമസമായിക്കഴിഞ്ഞുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വൃത്തികേടു പറയുന്ന നേതാക്കളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പരസ്യമായി വൃത്തികേടു പറഞ്ഞുകൊണ്ടിരിക്കുന്ന നേതാക്കളെ വീണ്ടുംവീണ്ടും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തയയ്ക്കുന്നത ജനങ്ങളെയാണു കുറ്റപ്പെടുത്തേണ്ടത്. തങ്ങള്‍ കാണിക്കുന്ന നെറികേടുകള്‍ക്കു നാട്ടുകാര്‍ നല്‍കുന്ന അംഗീകാരമായാണ് ഓരോ ജയത്തെയും നേതാക്കള്‍ കാണുന്നത്. രാഷ്ട്രീയാന്തരീക്ഷം മാലിന്യവിമുക്തമാക്കാന്‍ മുന്‍കൈയെടുക്കേണ്ടതു ജനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."