ദേശീയ കയര്‍ നയവും ദൗത്യവും ഉടന്‍: മന്ത്രി ഗിരിരാജ് സിങ്
തിരുവനന്തപുരം: രാജ്യത്തെ കയര്‍ മേഖലയുടെ സാധ്യതകള്‍ പൂര്‍ണ തോതില്‍ വിനിയോഗിക്കുന്നതിനായി ദേശീയ കയര്‍ നയവും കയര്‍ ദൗത്യവും പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ സഹമന്ത്രി ഗിരിരാജ് സിങ്.
2021-22 ഓടെ 20,000 കോടി രൂപയുടെ കയറുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും 40,000 കോടി രൂപയുടെ കയറുല്‍പ്പന്നങ്ങള്‍ ആഭ്യന്തരമായി വിറ്റഴിക്കാനുമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദൗത്യത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2022 ഓടെ കയര്‍ മേഖലയില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനും കാര്യക്ഷമതയും, ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനുമുള്ള ധനസഹായ പദ്ധതിയായ സ്ഫൂര്‍ത്തി വഴി (സ്‌കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡീഷനല്‍ ഇന്‍ഡസ്ട്രീസ് എസ്.എഫ് യു.ആര്‍.ടി.ഐ) കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ കയര്‍ ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഗിരിരാജ് സിങ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോമണ്‍ ഫെസിലിറ്റി സെന്റര്‍ 500 കയര്‍, കരകൗശല വിദഗ്ധര്‍ക്ക് നിര്‍മാണ സൗകര്യങ്ങള്‍ ഒരുക്കും.
പദ്ധതിക്ക് കീഴില്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിയില്‍ 1.30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കോമണ്‍ ഫെസിലിറ്റി കേന്ദ്രവും ഹരിപ്പാട്ടെ സി.എഫ്.സിയുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."