ഹിന്ദു ദത്തെടുക്കല്‍ നിയമം വിവാഹേതര ബന്ധത്തിലെ മകളുടെ കാര്യത്തിലും ബാധകം: ഹൈക്കോടതി
കൊച്ചി: മകളുടെ വിവാഹച്ചെലവ് വഹിക്കാന്‍ പിതാവിന് ബാധ്യതയുണ്ടെന്ന ഹിന്ദു ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥ വിവാഹേതര ബന്ധത്തിലെ മകളുടെ കാര്യത്തിലും ബാധകമാണെന്ന് ഹൈക്കോടതി. വിവാഹച്ചെലവിനു രണ്ട് ലക്ഷം രൂപ നല്‍കണമെന്നും കോടതി വ്യക്തമാക്കി.
വിവാഹച്ചെലവിനായി പിതാവ് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. നേരത്തെ ഈ ആവശ്യമുന്നയിച്ചുള്ള ഹരജി പാലക്കാട് കുടുംബകോടതി തള്ളിയിരുന്നു.
ഇതിനെതിരേയാണ് മകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കല്യാണച്ചെലവ് നല്‍കാന്‍ പിതാവിന് ബാധ്യതയുണ്ടെങ്കിലും ആവശ്യത്തിലേറെ പണം ചെലവഴിച്ച ശേഷം തുക മുഴുവന്‍ പിതാവ് നല്‍കണമെന്ന് പറയാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുടുംബകോടതിയിലെ ഹരജിയില്‍ യുവതി മകളല്ലെന്ന വാദമാണ് പിതാവ് ഉന്നയിച്ചത്. യുവതിക്ക് സ്വന്തം പേരിലുള്ള രണ്ട് കെട്ടിടങ്ങളില്‍നിന്ന് വാടക കിട്ടുന്നുണ്ടെന്നും വിവാഹച്ചെലവിന് ഇതു പര്യാപ്തമാണെന്നും കണ്ടെത്തിയ കുടുംബകോടതി ഹരജി തള്ളുകയായിരുന്നു.
എന്നാല്‍, ഹൈക്കോടതിയില്‍ യുവതി തന്റെ വിവാഹേതര ബന്ധത്തിലുള്ള മകളാണെന്ന് പിതാവ് പറഞ്ഞു. ഡി.എന്‍.എ പരിശോധനാ ഫലവും ഇതു ശരിവച്ചു. ഒരു ലക്ഷം രൂപയുടെ തുണികളും അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും കല്യാണത്തിന് വാങ്ങിയെന്ന് യുവതി വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ച തനിക്ക് പ്രതിമാസം 30,000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്നും ഹൃദ്രോഗ ബാധിതനായ താന്‍ ചികിത്സയിലാണെന്നും പിതാവ് ബോധിപ്പിച്ചു. ഇവയൊക്കെ കണക്കിലെടുത്താണ് രണ്ട് ലക്ഷം രൂപ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."