കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ ശ്രദ്ധിക്കണം പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി
തൊടുപുഴ: സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന വിധത്തില്‍ അതിവിപുലമായ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകര്‍തൃ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പഴയ തലമുറയിലെ ഉന്നത ശീര്‍ഷരായ മിക്കവരും പൊതുവിദ്യാലയങ്ങളിലൂടെയാണ് ഉയര്‍ന്നുവന്നത്. 50 മുതല്‍ 200 വര്‍ഷം വരെ പാരമ്പര്യമുള്ള പല വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസ രംഗത്തുള്ളവയാണ്. അവയിലൂടെയാണ് നമ്മുടെ നാടിന് പുരോഗതിയുണ്ടായത്.
പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തി പുതിയ കാലഘട്ടത്തിന് അനുസൃതമായി ഉയര്‍ത്തുകയെന്ന ലക്ഷ്യം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കാലത്ത് ഫോണ്‍ ഉണ്ടാക്കുന്ന കെടുതികള്‍ ചെറുതല്ല. കുട്ടികള്‍ ഇന്റര്‍നെറ്റ് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് പൊതുവായ ഇടങ്ങളിലൂടെയാകാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വിദ്യാലയ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ ലഭ്യമാകുന്നത് തടയുന്നതില്‍ സമൂഹത്തിന്റെ ജാഗ്രതയുണ്ടാകണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷനായി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു.
ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഇ.എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദരം ശശികുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, ഡോ. പി.കെ ജയശ്രീ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."