തൃപ്രയാര്‍ പോളിയില്‍ വീണ്ടും എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ ഏറ്റുമുട്ടല്‍; എട്ടു പേര്‍ക്ക് പരുക്ക്
വാടാനപ്പള്ളി : ശ്രീരാമ ഗവ.പോളി ടെക്നിക്കില്‍ വീണ്ടും എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷം. ഇന്നലെ മൂന്ന് ഘട്ടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഇരു വിഭാഗങ്ങളിലുമായി എട്ടു പേര്‍ക്ക് പരുക്കേറ്റു. എ.ഐ.എസ്.എഫ് പ്രവര്ത്തകന് ഒന്നാം വര്‍ഷ ഇലക്ട്രിക് എന്‍ജിനിയറിങ് വിദ്യാര്‍ഥി അശ്വിന്, എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ സംഗീത്, രോഹിത് ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ശരത്, ശ്രീജിത്ത്, ബിബിന്‍, ശ്രീനാഥ്, അഭിജിത്ത് എന്നിവര്‍ക്കുമാണ് പരുക്ക്. അശ്വിനെ തൃപ്രയാര്‍ ഗവ.ആശുപത്രിയിലും എസ്.എഫ്.ഐ പ്രവര്‍ത്തകരെ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. കണ്ണിനു പരുക്കേറ്റ ശരത്തിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ രാവിലെയും വൈകീട്ടുമായിരുന്നു സംഘര്‍ഷം. ബുധനാഴ്ച എ.ഐ.എസ്.എഫ് പ്രവര്ത്തകന് ജിതിനു മര്‍ദനമേറ്റിരുന്നു. ഇയാള്‍ തൃപ്രയാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാവിലെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സംഗീത്, രോഹിത് എന്നിവരെ മര്ദിക്കുകയായുരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. അതേസമയം എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്കിനിടെ രാവിലെ ഒമ്പതിനു കാംപസില്‍ വച്ച് അശ്വിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.
വൈകീട്ട് ആറിനാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഹോസ്റ്റലില്‍ കയറി ശരത്, ശ്രീജിത്ത്, ബിബിന്‍, ശ്രീനാഥ്, അഭിജിത്ത് എന്നിവരെ പുറത്തു നിന്നെത്തിയ എ.ഐ.വൈ.എഫ് സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ.നേതൃത്വം പറഞ്ഞു. തുടര്‍ന്ന് പ്രകടനം നടത്തുകയായിരുന്ന എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ പോളി ജങ്ഷനില്‍ കയറി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും പൊലിസും എത്തിയതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലം വിട്ടു. തുടര്‍ന്ന് എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."