മലേഷ്യയില്‍ വീണ്ടും പ്രധാനമന്ത്രിയാകാന്‍ മഹാതീര്‍ മുഹമ്മദ്
ക്വാലാലംപൂര്‍: മലേഷ്യയില്‍ ദീര്‍ഘകാലം പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദ് ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്നു. ഈ വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ മഹാതീറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
22 വര്‍ഷം മലേഷ്യന്‍ പ്രധാനമന്ത്രി പദത്തിലിരുന്ന മഹാതീര്‍ മുഹമ്മദ് 2003ലാണ് പദവിയില്‍നിന്ന് ഒഴിയുന്നത്. ഏറെ വൈകാതെ സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്മാറുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, തന്റെ മുന്‍ പാര്‍ട്ടിക്കെതിരേ മത്സരിക്കാന്‍ പഴയ ശത്രുക്കളോടൊപ്പമാണ് മഹാതീര്‍ ചേര്‍ന്നിരിക്കുന്നത്.
നേരത്തെ മഹാതീര്‍ അഴിമതി-സ്വവര്‍ഗരതി കുറ്റങ്ങള്‍ക്ക് ജയിലിലടച്ച മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന്റെ പാര്‍ട്ടിയും മഹാതീറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്താങ്ങുന്നുണ്ട്. അന്‍വര്‍ ഇബ്റാഹീമിന്റെ ഭാര്യ വാന്‍ അസീസാ വാന്‍ ഇസ്മാഈലാണ് ഉപപ്രധാനമന്ത്രി സ്ഥാനാര്‍ഥി. അടുത്ത ജൂണ്‍ 11ന് അന്‍വര്‍ ഇബ്റാഹീം ജയില്മോചിതനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഓഗസ്റ്റിലാണ് മലേഷ്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രധാനമന്ത്രി നജീബ് റസാഖിനെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടക്കാനും സാധ്യതയുണ്ട്. നജീബിനെതിരേ യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്മെന്റ് ലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം മഹാതീര്‍ മുഹമ്മദ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."