മയക്കുമരുന്ന് കടത്ത്; 17 പേരെ വധശിക്ഷക്ക് വിധേയമാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം
ജിദ്ദ: കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളായ 17 പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം.
സുരക്ഷാ വകുപ്പുകളുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ എട്ട് മയക്കുമരുന്ന് കടത്തുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. മയക്കുമരുന്ന് കേസുകളില്‍ 2,414 പ്രതികളെ കഴിഞ്ഞ വര്‍ഷം സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കൊല്ലം വധശിക്ഷക്ക് വിധേയരാക്കിയ മയക്കുമരുന്ന് കടത്തുകാരില്‍ ഏഴു പേര്‍ സ്വദേശികളും അഞ്ചു പേര്‍ പാക്കിസ്ഥാനികളും മൂന്നു പേര്‍ യെമനികളുമാണ്.
ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും മയക്കുമരുന്ന് കടത്തിയതിന് കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കി.
അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരില്‍ 770 പേര്‍ സ്വദേശികളാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു. അവശേഷിക്കുന്ന 1,644 പേര്‍ 38 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
മയക്കുമരുന്ന് കടത്തുകാരുമായുണ്ടായ ഏറ്റുമുട്ടലുകള്‍ക്കിടെ ഒരു സുരക്ഷാ ഭടന്‍ വീരമൃത്യു വരിക്കുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
22 മയക്കുമരുന്ന് കടത്തുകാര്‍ക്കും ഏറ്റുമുട്ടലുകളില്‍ പരുക്കേറ്റു. 5.5 കോടി ലഹരി ഗുളികകളും 35 ടണ്‍ ഹഷീഷും 22.5 കിലോ ഹെറോയിനും 8.7 കിലോ കറുപ്പും സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ പിടിച്ചെടുത്തു.
അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ 4.8 കോടി ലഹരി ഗുളികകളും 804 കിലോ കൊക്കൈനും ഹഷീഷും ഹെറോയിനും കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."