അമേരിക്കക്ക് പാകിസ്താന്റെ മുന്നറിയിപ്പ് താലിബാനെതിരായ നീക്കം: പ്രത്യാഘാതം നേരിടേണ്ടിവരും
ഇസ്‌ലാമാബാദ്: താലിബാനെതിരേ നടപടിയെടുത്താല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കക്ക് പാകിസ്താന്റെ മുന്നറിയിപ്പ്.
അഫ്ഗാനിസ്താനിലെ താലിബാനെതിരേ അതിര്‍ത്തിയുടെ ഇരുഭാഗത്തുനിന്നും അമേരിക്ക നടത്താനിരിക്കുന്ന സൈനിക നടപടി പരാജയപ്പെട്ടാല്‍ മേഖല അതിന്റെ എല്ലാവിധ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുമെന്നാണ് പാക് വൃത്തങ്ങള്‍ അമേരിക്കയെ അറിയിച്ചിരിക്കുന്നത്. പാക് പത്രമായ 'ഡോണ്‍' ആണ് വാര്‍ത്ത പുറത്തുവിട്ടത്.
അഫ്ഗാനില്‍ താലിബാനെതിരേ ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യം പദ്ധതിയിടുന്നുണ്ട്.
ഇതുവഴി ഭീകരവാദികളെ പെട്ടെന്നു കീഴടക്കാമെന്നാണ് അമേരിക്ക കരുതുന്നത്. തുടര്‍ന്ന് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് താലിബാനെ പ്രേരിപ്പിക്കാമെന്നും ലക്ഷ്യമിടുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ത്യയുമായും അഫ്ഗാനിസ്താനുമായും ചേര്‍ന്ന് ദക്ഷിണേഷ്യാ നയതന്ത്രത്തിനു രൂപംനല്‍കിയത്.
പത്രത്തില്‍ മുന്നറിയിപ്പിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളുണ്ട്.
അമേരിക്കയുടെ അടിസ്ഥാന താല്‍പര്യത്തോട് പാകിസ്താനികള്‍ക്ക് വിയോജിപ്പില്ല. എന്നാല്‍, അമേരിക്കയുടെ നീക്കം പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്ന ഭീതി തങ്ങള്‍ക്കുണ്ടെന്ന് പാകിസ്താന്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയെ ഭീകരമുക്തമാക്കണമെന്ന ആഗ്രഹം തങ്ങള്‍ക്കുമുണ്ടെന്ന് പാക് പ്രതിനിധികള്‍ അമേരിക്കന്‍ വൃത്തങ്ങളെ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
അഫ്ഗാന്‍ താലിബാന്‍, ഹഖാനി നെറ്റ്‌വര്‍ക്ക് തുടങ്ങിയ ഭീകരസംഘങ്ങളെ പരാജയപ്പെടുത്താന്‍ പാകിസ്താന്‍ സഹകരിക്കണമെന്ന് കഴിഞ്ഞ ഞായറാഴ്ച യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പെന്റഗണില്‍വച്ചു നടത്തിയ വാര്‍ത്താ അവലോകനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഭീകരവിരുദ്ധ നടപടിയില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് അമേരിക്ക പാകിസ്താനുള്ള സഹായം പിന്‍വലിച്ചതിനു പിറകെയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."