പൊലിസ് വേഷത്തിലെത്തി മലയാളികളെ കൊള്ളയടിച്ചു
ജിദ്ദ: പൊലിസ് വേഷത്തിലെത്തിയ സ്വദേശി യുവാവ് മലയാളികളെ കൊള്ളയടിച്ചു. നാദെക് കമ്പനിയില്‍ ട്രെയിനിങ് മാനേജരായ എറണാകുളം സ്വദേശി അജിത്തും സുഹൃത്ത് ഇരിട്ടി സ്വദേശി അഭിലാഷുമാണ് കൊള്ളയടിക്കപ്പെട്ടത്. ഇരുവര്‍ക്കുമായി 3,800 റിയാല്‍ നഷ്ടമായി. സുഹൃത്തിനെ കാണാനാണ് അജിത് വൈകീട്ട് 6.30ഓടെ ഉലയയിലെ തഖസൂസി റോഡിന് സമീപമുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലെത്തിയത്. മൂസ ബിന്‍ നുസൈര്‍ സ്ട്രീറ്റിലെത്തിയ അജിത് സുഹൃത്തിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട ശേഷം വില്ലയുടെ ഗേറ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്നു.
അപ്പോള്‍ അതുവഴി വന്ന യുക്കോണ്‍ കാര്‍ അടുത്തുനിറുത്തി. പൊലിസ് വേഷത്തിലിരുന്ന അയാള്‍ അജിത്തിനോട് ഇഖാമ ആവശ്യപ്പെട്ടു. പൊലിസുകാരനാണെന്ന് കരുതി പഴ്സ് എടുത്ത് അതില്‍ നിന്ന് ഇഖാമ എടുത്തുകൊടുക്കാനൊരുങ്ങുമ്പോള്‍ അയാള്‍ പഴ്സ് പിടിച്ചുവാങ്ങി. ഇതിനിടയില്‍ അറബിയില്‍ പലതും ചോദിക്കുന്നുണ്ടായിരുന്നു. വേണ്ടത്ര ഭാഷാപ്രാവീണ്യമില്ലാത്തതിനാല് അയാള്‍ ചോദിച്ചതൊന്നും അജിത്തിന് മനസിലായില്ല. പഴ്സ് പരിശോധിച്ച് അതിലുണ്ടായിരുന്ന 3700 റിയാല്‍ എടുത്തു. ഈ സമയം ഗേറ്റ് തുറന്ന് പുറത്തുവന്ന അഭിലാഷിനോടും അയാള്‍ ഇഖാമ ആവശ്യപ്പെട്ടു. അതിനായി പഴ്സ് എടുത്തപ്പോള്‍ അതും പിടിച്ചുപറിച്ചു. അതില്‍ നൂറ് റിയാലും ചില്ലറ നോട്ടുകളുമാണുണ്ടായിരുന്നത്. നൂറ് റിയാല്‍ എടുത്ത ശേഷം ബാക്കി വന്ന ചില്ലറ നോട്ടുകള്‍ ചുരുട്ടിക്കൂട്ടി അയാള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു.
വഴിയില്‍ കണ്ട പൊലിസ് പട്രോള്‍ വിഭാഗത്തോട് ഇവര്‍ വിവരം പറഞ്ഞെങ്കിലും സംഭവത്തെ കുറിച്ച് കൃത്യമായ വിശദീകരണം നല്കാന് ഭാഷ നന്നായി അറിയാത്തത് കൊണ്ട് കഴിഞ്ഞില്ല. അടുത്ത ദിവസം പൊലിസിന് വിശദമായ പരാതി നല്‍കുമെന്ന് ഇരുവരും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."