വഖ്ഫ് ബോര്‍ഡ് നിയമനം: സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷാവകാശത്തിലുള്ള കൈകടത്തലാണെന്നും സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്നും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദ്അലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് മുസ്‌ലിം സംഘടനാ നേതാക്കളുമായി എത്രയും വേഗം ചര്‍ച്ച നടത്തണം. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും തങ്ങള്‍ പറഞ്ഞു.
കേന്ദ്ര വഖ്ഫ് ആക്ടിനും സംസ്ഥാന വഖ്ഫ് ചട്ടങ്ങള്‍ക്കും എതിരായി നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് അടക്കമുള്ള ന്യൂനപക്ഷ അവകാശ ധ്വംസന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് തുടര്‍ന്നു സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.
പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അവര്‍ കുറ്റപ്പെടുത്തി.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്വാഗതം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.ഐ ഷാനവാസ് എം.പി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി.എ മജീദ് (മുസ്‌ലിം ലീഗ്), പിണങ്ങോട് അബൂബക്കര്‍ (സമസ്ത), അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), അബ്ദുറഹിമാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്‌ലാമി), എന്‍.കെ അലി (മെക്ക), വഖഫ് ബോര്‍ഡ് അംഗങ്ങളായ എം.സി മായിന്‍ഹാജി , അഡ്വ.പി.വി സൈനുദ്ദീന്‍, അഡ്വ. ഫാത്തിമ റോഷ്‌ന, നിഹമത്തുള്ള കോട്ടക്കല്‍ (കെ.എം.സി.സി), സുധീര്‍ പെരുനട (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), അഡ്വ.കെ.പി മുഹമ്മദ്, ഡോ.യൂനുസ് കുഞ്ഞ്, പ്രൊഫ. തോന്നക്കല്‍ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബീമാപള്ളി റഷീദ് നന്ദി പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."