റോഹിംഗ്യകള്‍ക്കെതിരേ നടന്നത് വംശഹത്യയെന്ന് യു.എന്‍
ജനീവ: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരേയുള്ള സൈനിക നടപടിയില്‍ നൂറിലധികം പേര്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭാറിപ്പോര്‍ട്ട്. സൈന്യം കുട്ടികളെ കൂട്ടക്കുരുതിക്കിരയാക്കുകയും സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും യു.എന്‍ കൂട്ടിച്ചേര്‍ത്തു. വംശഹത്യയുടെ പട്ടികയില്‍പ്പെടുത്താവുന്ന കുറ്റമാണിതെന്നും യു.എന്‍ സൂചിപ്പിച്ചു.
ബംഗ്ലാദേശില്‍ അഭയംതേടിയ 204 റോഹിംഗ്യന്‍ മുസ്‌ലിംകളുമായി യു.എന്നിന്റെ മനുഷ്യാവകാശ വിഭാഗം നടത്തിയ അഭിമുഖത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യു.എന്നിന്റെ മുന്‍ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന കാര്യങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുമുള്ളത്.
റാഖിനെയിലെ ഒഴിപ്പിക്കല്‍ നടപടിയിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. സൈന്യവും പൊലിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മ്യാന്‍മര്‍ സെക്യൂരിറ്റി സര്‍വിസസിലെ ജീവനക്കാരാണ് കൂടുതല്‍ പീഡനങ്ങള്‍ നടത്തിയത്. എട്ടു മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തുകയും അഞ്ചു സൈനികര്‍ ചേര്‍ന്ന് മാതാവിനെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിന് കൃത്യമായ സാക്ഷിമൊഴികള്‍ റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആറു വയസുള്ള മൂന്നു കുട്ടികളെ കത്തിയുപയോഗിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശന്നു കരയുന്ന കുഞ്ഞിനെ പോലും വെറുതെ വിടാന്‍ ഇവര്‍ തയാറായില്ലെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് ബിന്‍ റഅദ് സെയ്ദ് അല്‍ ഹുസൈന്‍ പറഞ്ഞു. ഇത് ഒഴിപ്പിക്കല്‍ നടപടിയല്ല. കൃത്യമായ പദ്ധതിയോടെ നടപ്പിലാക്കിയ നരഹത്യയാണെന്നും യു.എന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."