ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്; കാമറൂണ്‍- ഈജിപ്ത് ഫൈനല്‍
ഫ്രാന്‍സ്‌വില്ലെ: ഘാനയെ പരാജയപ്പെടുത്തി കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലിലെത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കാമറൂണ്‍ വിജയം സ്വന്തമാക്കിയത്.
കാമറൂണിനായി മിഷേല്‍ എന്‍ഡേയു, ക്രിസ്റ്റ്യന്‍ ബസ്സോഗോഗ് എന്നിവര്‍ വല ചലിപ്പിച്ചു. നേരത്തെ ബുര്‍കിന ഫസോയെ വീഴ്ത്തി ഈജിപ്തും ഫൈനലിലെത്തിയിരുന്നു. ഈ മാസം ആറിനു നടക്കുന്ന ഫൈനലില്‍ കാമറൂണ്‍ ഈജിപ്തുമായി ഏറ്റുമുട്ടും. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ഘാന- ബുര്‍കിന ഫസോയുമായി നാളെ പോരിനിറങ്ങും.
കരുത്തരുടെ പോരാട്ടം കണ്ട മത്സരത്തില്‍ രണ്ടാം പകുതിയില്‍ കാമറൂണ്‍ നേടിയ രണ്ടു ഗോളുകളാണ് മത്സര ഫലം നിര്‍ണയിച്ചത്. കളിയുടെ 72ാം മിനുട്ടു വരെ ഇരു പക്ഷവും വല ചലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. 72ാം മിനുട്ടില്‍ കാമറൂണ്‍ താരമെടുത്ത ഫ്രീകിക്ക് ഹെഡ്ഡ് ചെയ്ത് തടുക്കാനുള്ള ഘാന ഡിഫന്‍ഡര്‍ ജോണ്‍ ബോയെസിന്റെ ശ്രമം പിഴച്ചു. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയിലായിരുന്നു ഘാന പ്രതിരോധ താരത്തിനു പിഴച്ചത്. സമീപം നിന്ന കാമറൂണ്‍ താരം എന്‍ഡേയുവിന്റെ പാകത്തില്‍ പന്തു കാലില്‍ കിട്ടി.
സമയം പാഴാക്കാതെ കാമറൂണ്‍ താരം പന്ത് വലയിലാക്കി അവരെ മുന്നില്‍ കടത്തി. ഒരു ഗോള്‍ നേടിയതോടെ കാമറൂണിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കാമറൂണ്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിലാണു രണ്ടാം ഗോളിന്റെ പിറവി. കൗണ്ടര്‍ അറ്റാക്കിലൂടെ ലഭിച്ച പന്തുമായി വേഗത്തില്‍ മുന്നേറിയ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബസ്സോഗോഗ് മുന്നോട്ടു കയറിയ ഘാന ഗോളിയെ കബളിപ്പിച്ച് ബോക്‌സിന്റെ തുടക്കത്തില്‍ നിന്നു വിദഗ്ധമായി പന്ത് വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍ ഘാനയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം തളികയിലെന്നവണ്ണം മികച്ച അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ മികച്ച പാസുകളുമായി കാമറൂണ്‍ ഒത്തൊരുമ കൂടുതല്‍ പ്രകടിപ്പിച്ചത് അവരുടെ കളിയുടെ ഗതി മാറ്റുകയും ചെയ്തു. കാമറൂണ്‍ ഇതു ഏഴാം തവണയാണ് ഫൈനലിലേക്ക് മുന്നേറുന്നത്. നാലു തവണ കിരീടം നേടിയ അവര്‍ രണ്ടു തവണ റണ്ണേഴ്‌സ് അപ്പായി. ഏറ്റവും കൂടുതല്‍ തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഘാനയ്‌ക്കൊപ്പം കാമറൂണ്‍ രണ്ടാം സ്ഥാനത്താണ്. ഏഴു തവണ കിരീടം നേടിയ ഈജിപ്താണു ഒന്നാമത്.
അഞ്ചാം കിരീടം തേടിയിറങ്ങുന്ന കാമറൂണ്‍ ചാംപ്യന്‍മാരായാല്‍ ഘാനയെ പിന്തള്ളി കിരീട നേട്ടമെന്ന റെക്കോര്‍ഡില്‍ അവര്‍ക്ക് രണ്ടാം സ്ഥാനത്ത് ഒറ്റയ്ക്ക് തുടരാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."