അസാധുനോട്ടുകള്‍ കൈവശംവയ്ക്കുന്നവര്‍ക്ക് 10,000 രൂപവരെ പിഴ
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിരോധിച്ച നോട്ടുകള്‍ കൈവശംവയ്ക്കുന്നതും വിനിമയം ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കുന്ന ബില്ല് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു സഭയില്‍ അവതരിപ്പിച്ചത്.
അസാധുവാക്കിയ നോട്ടുകള്‍ കൈവശംവയ്ക്കുന്നവര്‍ക്ക് 10,000 രൂപവരെ പിഴ ചുമത്തുന്ന ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബില്ല് നിയമവിരുദ്ധവും രാജ്യവിരുദ്ധവുമാണെന്നു മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉറക്കെ ബഹളംവയ്ക്കുന്നതിനിടെയാണ് ദ സ്‌പെസിഫൈഡ് ബാങ്ക് നോട്ട്‌സ് (സെസേഷന്‍ ഓഫ് ലയബലിറ്റീസ്) ബില്ല് ലോക്‌സഭയില്‍ വച്ചത്. ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇതു സംബന്ധിച്ച് ഡിസംബര്‍ 30ന് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ നിയമമാകും.
അസാധുവാക്കിയ നോട്ടുകള്‍ കൈവശം വച്ചാല്‍ 10,000 രൂപ വരെയോ പിടിച്ചെടുക്കുന്ന പണത്തിന്റെ അഞ്ചിരട്ടിയോ ഇതില്‍ കൂടുതല്‍ വരുന്ന തുക പിഴയായി ഈടാക്കുന്നതാണു ബില്ലിലെ വ്യവസ്ഥ. 1934ലെ റിസര്‍വ് ബാങ്ക് ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. പഠനത്തിനും ഗവേഷണത്തിനും നാണയ ശാസ്ത്രപരമായും പഴയ നോട്ടുകള്‍ കൈവശംവയ്ക്കാമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇത്തരം ആവശ്യങ്ങള്‍ക്കായി നിരോധിച്ച നോട്ടുകള്‍ 25 എണ്ണത്തിലധികം സൂക്ഷിക്കരുത്.
ബില്ല് അവതരിപ്പിക്കുന്നതിനെ തൃണമൂല്‍ നേതാവ് സൗഗത റോയ് എതിര്‍ത്തു. എന്തടിസ്ഥാനത്തിലാണ് ബില്ലിനെ എതിര്‍ക്കുന്നതെന്ന് ജയ്റ്റ്‌ലിയും മറുചോദ്യമുന്നയിച്ചതോടെ സഭയില്‍ വാക്കേറ്റമായി. ലോക്‌സഭയില്‍ അംഗമല്ലാത്ത ജയ്റ്റ്‌ലിക്ക് സഭയുടെ ചട്ടങ്ങളെപ്പറ്റി ബോധ്യമില്ലെന്ന് സൗഗത റോയ് പറഞ്ഞു. ഇതോടെ ഭരണപക്ഷത്തുനിന്നു ബഹളം ഉയര്‍ന്നു. ബില്ല് നിയമവിരുദ്ധമാണെന്ന തന്റെ വാദത്തില്‍ സൗഗത റോയ് ഉറച്ചുനിന്നു. നോട്ടുനിരോധനം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത് മുന്‍കൂട്ടി അറിയിക്കാതെയായിരുന്നെന്നും ഇതു ചെയ്യേണ്ടത് റിസര്‍വ് ബാങ്ക് ആയിരുന്നുവെന്നും റോയ് വ്യക്തമാക്കി. ഇതു മന്ത്രിയുടെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണ്. ബില്ല് രാജ്യവിരുദ്ധമാണെന്നും ലോക്‌സഭയില്‍ അംഗമല്ലാത്ത ജയ്റ്റ്‌ലിക്കു നിയമ വ്യവസ്ഥകളെക്കുറിച്ചു ബോധ്യമില്ലെന്നും സൗഗത റോയ് ആവര്‍ത്തിച്ചു.
സാമ്പത്തിക വ്യവസ്ഥയില്‍നിന്നു കണക്കില്‍പെടാത്ത പണവും കള്ളപ്പണവും തടയുന്നതിനായി റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം അനുസരിച്ചാണു നോട്ടുനിരോധനം നടപ്പാക്കിയതെന്നാണ് ബില്ലില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പിന്‍വലിച്ച നോട്ടുകളുടെ വിനിമയവും കൈമാറ്റവും കൈവശംവയ്ക്കുന്നതും 2016 ഡിസംബര്‍ 31 മുതല്‍ കുറ്റകരമാക്കി കണക്കാക്കുന്നതാണ് ബില്ല്. ഇതു ലംഘിക്കുന്നവര്‍ക്കു ശിക്ഷ ഉറപ്പുനല്‍കാന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് അധികാരവും നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."