പഞ്ചാബില്‍ ത്രികോണ മത്സരം, ഗോവയില്‍ ചതുഷ്‌കോണം
അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യത്തേത് ഇന്നു ഗോവയിലും പഞ്ചാബിലും നടക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ആം ആദ്മി പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ വിജയം സ്വന്തമാക്കിയേ തീരൂ. എങ്കിലും, അവസാന നിമിഷത്തിലും സഖ്യം രൂപപ്പെടുത്താന്‍ പ്രമുഖ പാര്‍ട്ടികള്‍ക്കായിട്ടില്ല.
പഞ്ചാബ്
ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്ന സംസ്ഥാനമാണു പഞ്ചാബ്. രണ്ടുതവണയായി ബി.ജെ.പി-അകാലിദള്‍ സഖ്യമാണ് ഇവിടെ ഭരണം കൈയാളുന്നത്. മയക്കുമരുന്നും അഴിമതിയുമാണു പ്രധാന ചര്‍ച്ചാവിഷയം. നോട്ടുനിരോധനവും മറ്റും ചര്‍ച്ചയാക്കി ഭരണവിരുദ്ധവികാരത്തെ നേരിടാനുള്ള ബി.ജെ.പി ശ്രമം വിലപ്പോയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പല യോഗങ്ങളിലും ആളെക്കൂട്ടാന്‍ സംഘാടകര്‍ക്കു നന്നേ ബുദ്ധിമുട്ടേണ്ടിവന്നതു ജനമനസ്സിനെ സൂചിപ്പിക്കുന്നതാണ്.
ബി.ജെ.പിക്കു ക്ഷീണമുണ്ടാക്കിയേക്കാവുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ആം ആദ്മി പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വിള്ളല്‍വീഴ്ത്തിയാല്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അവര്‍. രാജ്യസഭാംഗം നവ് ജ്യോത് സിങ് സിദ്ദു ബി.ജെ.പി വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറിയതും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ വ്യക്തിപ്രഭാവവുമാണു കോണ്‍ഗ്രസ്സിനെ മുന്നിലെത്തിക്കുന്ന ഘടകങ്ങള്‍.
കെജ്‌രിവാളിനെ വീണ്ടും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഭഗവന്ത് മാനിലൂടെ വിജയപ്രതീക്ഷയുണ്ട്. ത്രികോണമത്സരത്തില്‍ പ്രവചനം അസാധ്യമാണെന്ന് അവര്‍ക്കുമറിയാം. എന്നാല്‍, ഡല്‍ഹിയില്‍ ത്രികോണമത്സരത്തിലായിരുന്നു പാര്‍ട്ടിയുടെ ജയം.
117 അംഗ നിയമസഭയിലേയ്ക്കാണു പോരാട്ടം. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടുശതമാനം കോണ്‍ഗ്രസ്സിനായിരുന്നു കൂടുതലെങ്കിലും 46 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. അകാലിദള്‍ 56 സീറ്റും ബി.ജെ.പി 12 സീറ്റും നേടി. സ്വതന്ത്രരാണു മൂന്നിടത്തു ജയിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണു ബി.ജെ.പിക്കു നേടാനായത്. മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസിനു വിജയിക്കാനായപ്പോള്‍ നാലു സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി വെന്നിക്കൊടി പാറിച്ചത്. അകാലിദളിനും നാലു സീറ്റ് ലഭിച്ചു.
ഗോവ
ബി.ജെ.പി, എം.ജി.പി മുന്നണി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയുള്‍പ്പെട്ട ചതുഷ്‌കോണമത്സരമാണ് ഇത്തവണ ഗോവയില്‍ അരങ്ങേറുന്നത്. തൂക്കുസഭയിലേയ്ക്കു നയിക്കാവുന്ന ഫലമായേക്കുമെന്നാണു പൊതുവെ കരുതപ്പെടുന്നത്. തീരെ ചെറിയ മാര്‍ജിനിലാവും ഇത്തവണ മിക്ക സ്ഥാനാര്‍ഥികളുടെയും ജയമെന്നും വിലയിരുത്തപ്പെടുന്നു.
ഇംഗ്ലീഷ് അധ്യയനം നടക്കുന്ന സെമിനാരി സ്‌കൂളുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നതിലും മറാഠി, കൊങ്ങിണി ഭാഷാ സ്‌കൂളുകള്‍ക്കു സഹായം നല്‍കാത്തതിലും പ്രതിഷേധിച്ചും പാര്‍ട്ടിവിട്ട ഗോവന്‍ ആര്‍.എസ്.എസ് മുഖം സുഭാഷ് വേലിങ്കറാണ് ഈ തെരഞ്ഞടുപ്പിലെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച സുഭാഷ് ബി.ജെ.പിയുടെ മുന്‍സഖ്യകക്ഷിയായ എം.ജി.പിയുമായി ചേര്‍ന്നു സഖ്യമുണ്ടാക്കിയാണു മത്സരിക്കുന്നത്.
ബി.ജെ.പിയോട് ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയും ഒപ്പമുണ്ട്. മറാഠി, കൊങ്ങിണി വോട്ടാണ് ആ സഖ്യത്തിന്റെ ലക്ഷ്യം. എന്നാല്‍, മനോഹര്‍ പരീഖറിനെ രംഗത്തിറക്കി കത്തോലിക്ക സഭയുടെ വോട്ട് ഇത്തവണയും നേടാനുള്ള ശ്രമത്തിലാണു ബി.ജെ.പി.
ആം ആദ്മി പാര്‍ട്ടി ശക്തമായ സാന്നിധ്യമാണ് അറിയിച്ചിരിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനമായിരുന്നു അവരുടേത്. എങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പോന്ന നേതാക്കളുടെ അഭാവവും സാന്നിധ്യവും പാര്‍ട്ടിയുടെ ജയം സങ്കീര്‍ണമാക്കുന്നു. ക്രൈസ്തവ വോട്ടിലാണ് അവരുടെ കണ്ണ്. കോണ്‍ഗ്രസിനാവട്ടെ ക്രൈസ്തവ വോട്ടും മലയാളി വോട്ടുമാണു നിര്‍ണായകം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം പോയ ക്രൈസ്തവ വോട്ട് തിരിച്ചുപിടിക്കാനായാല്‍ ജയം ഉറപ്പിക്കാം.
കെ.സി വേണുഗോപാലിനെയാണ് കോണ്‍ഗ്രസ് ഇവിടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏല്‍പിച്ചിരിക്കുന്നത്. സഖ്യമുണ്ടാക്കാന്‍ കഴിയാതിരുന്നതു പാര്‍ട്ടിക്കു തിരിച്ചടിയാണ്.
2012ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40ല്‍ 21 സീറ്റാണു ബി.ജെ.പി നേടിയത്. മൂന്നു സീറ്റു നേടിയ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയെ ഒപ്പം കൂട്ടിയാണു ഭരിച്ചത്. കോണ്‍ഗ്രസ് 9 സീറ്റും ഗോവ വികാസ് പാര്‍ട്ടി രണ്ടു സീറ്റും നേടിയപ്പോള്‍ അഞ്ചെണ്ണം സ്വതന്ത്രര്‍ക്കായിരുന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഉത്തര ഗോവ, ദക്ഷിണ ഗോവ എന്നീ രണ്ടു മണ്ഡലങ്ങളും ബി.ജെ.പിയാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."