കള്ളപ്പണം വരുന്ന വഴി
500, 1000 രൂപ കറന്‍സി പൊടുന്നനെ പിന്‍വലിച്ച ഭൂകമ്പത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ്ഘടന മാസങ്ങള്‍ പിന്നിട്ടിട്ടും മോചിതമായിട്ടില്ല. കാര്യങ്ങള്‍ എപ്പോള്‍ സാധാരണനിലയിലാകുമെന്നു വിശദീകരിക്കാന്‍പോലും കേന്ദ്രസര്‍ക്കാരിനോ റിസര്‍വ് ബാങ്കിനോ കഴിയുന്നില്ല.
പ്രചാരത്തിലുണ്ടായിരുന്ന 14 ലക്ഷം കോടിയിലേറെ നോട്ടുകളാണ് അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടത്. ഇതിന്റെ ഫലമായി സാധാരണ പൗരന്മാര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കും യാതനകള്‍ക്കും കൈയും കണക്കുമില്ല. അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമാവശ്യങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളത്ര പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം ഇനിയും തിരിച്ചുകിട്ടിയിട്ടില്ല. ശരിക്കും സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.
കള്ളപ്പണവും കള്ളനോട്ടും കൊണ്ട് കലുഷിതമായ ഇന്ത്യന്‍ സമ്പദ്ഘടന ശുദ്ധീകരിക്കാനാണ് നോട്ട് പിന്‍വലിച്ചതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വിഘടനവാദികളും ഭീകര സംഘടനകളും 500, 1000 കറന്‍സി വ്യാപകമായി ഉപയോഗിക്കുന്നതു തടയാനും ഇതുമൂലം കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭാവിയെയും ഭദ്രതയെയും ബാധിക്കുന്ന വിഷയമായി ചിത്രീകരിക്കപ്പെട്ടതിനാല്‍ ജനങ്ങള്‍ സഹിക്കുകയും ഏറക്കുറേ നിശ്ശബ്ദരാവുകയും ചെയ്തു. അപൂര്‍വമായി ഉയര്‍ന്ന ചോദ്യങ്ങളും ആശങ്കകളും വേണ്ടവിധം ശ്രദ്ധിക്കപ്പെടുകയോ ചലനം സൃഷ്ടിക്കുകയോ ചെയ്തില്ല.
കള്ളനോട്ടുമായി ബന്ധപ്പെട്ട വിശദീകരണം തൃപ്തികരമല്ലെന്ന് തുടക്കംമുതല്‍ പലരും ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയ വിശദീകരണം അതു സാധൂകരിക്കുന്ന തരത്തിലാണ്. അസാധുവാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ അനുവദിച്ച കാലാവധി അവസാനിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും എത്ര സംഖ്യയാണു ബാങ്കുകളില്‍ തിരിച്ചെത്തിയതെന്നതിന്റെ കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിടുന്നില്ല.
പിന്‍വലിച്ചതിന്റെ ഏകദേശം മൂന്നുശതമാനം മാത്രമേ തിരിച്ചെത്താന്‍ ബാക്കിയുള്ളൂവെന്നാണ് അനൗദ്യോഗിക കണക്ക്. വെറും മൂന്നു ശതമാനം നോട്ടുകള്‍ ഒഴിവാക്കാനായിരുന്നോ ഈ പങ്കപ്പാട്. എലിയെ പേടിച്ച് ഇല്ലം ചുടലാണിത്. കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ വിദേശബാങ്കുകളും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റും മറ്റുമായി ഇതര സംവിധാനങ്ങളുണ്ടല്ലോ.
ഇന്ത്യയുടെ കള്ളപ്പണം വിദേശബാങ്കുകളില്‍ കുമിഞ്ഞു കൂടിയിരിക്കുകയാണെന്നും അതു തിരിച്ചുപിടിച്ച് ഓരോ ഇന്ത്യന്‍ പൗരന്റെയും അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നടപടിയെടുക്കുമെന്നും പ്രചാരണം നടത്തിയാണ് എന്‍.ഡി.എ അധികാരത്തിലെത്തിയത്. മൂന്നുവര്‍ഷം ഭരിച്ചിട്ടും അതിനു നടപടിയില്ല. വിദേശബാങ്കുകളില്‍ നിക്ഷേപമുള്ള വമ്പന്മാരെ തൊട്ടാല്‍ കൈപൊള്ളും. സാധാരണക്കാരുടെ ശുഷ്‌കിച്ച പോക്കറ്റുകളില്‍ കൈയിട്ടുവാരിയാല്‍ ആരും ചോദിക്കില്ല.
കുത്തക കമ്പനികള്‍ വായ്പയെടുത്തു തിരിച്ചടക്കാത്ത ബില്യന്‍ കണക്കിനു സംഖ്യ കാരണം ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. ജനങ്ങളെ ബാങ്കുകളിലേയ്ക്ക് ആട്ടിപ്പായിച്ചു കൈയിലുള്ള നാണയത്തുട്ടുകള്‍ നിക്ഷേപിപ്പിച്ചതിലൂടെ ആ പ്രതിസന്ധിക്കു പരിഹാരമായി. നിക്ഷേപിച്ച സംഖ്യ എളുപ്പം പിന്‍വലിക്കാനാവാത്ത നിയമക്കുരുക്കിലൂടെ അവ പരമാവധി ബാങ്കുകളില്‍ നിലനിര്‍ത്താനും അവസരമൊരുക്കി. അങ്ങനെ ബാങ്കുകള്‍ക്ക് കുത്തകക്കാരുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാന്‍ സൗകര്യമായി. ഇനിയും കുത്തകക്കാര്‍ക്കു വാരിക്കോരി വായ്പ നല്‍കാനാകും.
അനധികൃതമായി സമ്പാദിച്ചതും നികുതി ഒടുക്കാതെ സൂക്ഷിക്കുന്നതുമായ സംഖ്യയാണല്ലോ പ്രധാനമായും കള്ളപ്പണം. ഇത് ഏറ്റവും കൂടുതലുള്ളത് രാഷ്ട്രീയനേതാക്കളുടെ കൈയിലാണ്. കൃത്യമായും സത്യസന്ധമായും കണക്കെടുപ്പു നടത്തിയാല്‍ എത്ര രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രക്ഷപ്പെടാന്‍ കഴിയും.
ജനങ്ങളെ കള്ളപ്പണത്തിലേക്കും പൂഴ്ത്തിവയ്പ്പിലേക്കും തള്ളിവിടുന്നതു ഭരണകൂടത്തിന്റെ വികലവും വിവേകരഹിതവുമായ നികുതിനയങ്ങളല്ലേ. ചെറുകിടകച്ചവടക്കാരന്‍ ചരക്കു വാങ്ങുന്നത് വ്യത്യസ്തരൂപത്തിലുള്ള നികുതി മുഴുവന്‍ അടച്ചാണ്. തുടര്‍ന്നു കച്ചവടം ചെയ്യുന്നതിനിടയില്‍ 15 ശതമാനംവരെ സര്‍വീസ് ടാക്‌സ് നല്‍കണം. വില്‍പ്പനച്ചരക്കുകള്‍ക്കു വില്‍പനനികുതി. എല്ലാം കഴിഞ്ഞുള്ളതിന് ആദായനികുതി വേറെയും. സെസ്സുകളും ലെവികളും വേറെ.
വിവിധപേരില്‍ വ്യക്തികളില്‍ നിന്നു വസൂലാക്കുന്ന സംഖ്യയില്‍ ചെറിയൊരു ശതമാനം മാത്രമേ രാജ്യത്തിനു പ്രയോജനപ്രദമായ വഴിയില്‍ തിരിച്ചുവരുന്നുള്ളൂ. ബാക്കി തുക മുഴുവന്‍ ഭരണനിര്‍വഹണത്തിന്റെ പേരിലും ഭരണാധികാരികളുടെ ജീവിതം ആര്‍ഭാടപൂര്‍ണമാക്കാനും വിനിയോഗിക്കപ്പെടുകയാണ്. ജനോപകാരപ്രദമായ പദ്ധതികളുടെ പേരില്‍ നീക്കിവയ്ക്കുന്ന തുകയുടെ സിംഹഭാഗവും ഉന്നതനേതാക്കളും ഉദ്യോഗസ്ഥരും ഇടനിലക്കാരും തട്ടിയെടുക്കുന്നതായാണ് അനുഭവം.
സ്വാഭാവികമായും ജനത്തിലൊരുകൂട്ടര്‍ നികുതി വെട്ടിപ്പിലേയ്ക്കും പൂഴ്ത്തിവയ്പ്പിലേയ്ക്കും തിരിയും. കള്ളപ്പണമെന്ന അധമനാമത്തില്‍ അറിയപ്പെടുന്നതു കട്ടതോ പിടിച്ചുപറിച്ചതോ ആകണമെന്നില്ല. തത്വദീക്ഷയില്ലാത്ത ഭരണകൂടം അന്യായമായും അവിഹിതമായും അടിച്ചേല്‍പ്പിക്കുന്ന ചൂഷണോപാധികളില്‍നിന്നു രക്ഷപ്പെടാനുള്ള തത്രപ്പാടിന്റെ ഭാഗമാണ്.
കള്ളനോട്ടും കള്ളപ്പണവും നിയന്ത്രിക്കാനെന്ന പേരില്‍ ആദ്യം പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ പിന്നീട് കാഷ്‌ലെസ് ലെസ് കാഷ് ഇക്കോണമിയിലേക്കുള്ള ചുവടുവയ്പായി വ്യാഖ്യാനിക്കപ്പെട്ടു. സത്യത്തില്‍, കാഷ്‌ലെസ് ഇക്കോണമിയുടെ പേരില്‍ നടക്കുന്ന പ്രചാരണം വന്‍കിട കമ്പനികളെ കൈയയച്ചു സഹായിക്കാനും സാധാരണക്കാരെ കൂടതല്‍ ചൂഷണംചെയ്യാനും വഴിയൊരുക്കും. നേരിട്ടു പണമിടപാടു നടത്തുമ്പോള്‍ ഓരോ ഇടപാടിലും നമ്മുടെ പണത്തിന്റെ മൂല്യം തുല്യമാണ്. എന്നാല്‍, ഓരോ ഡിജിറ്റല്‍ ഇടപാടിലും നിശ്ചിതസംഖ്യ കമ്മിഷന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അങ്ങനെ നമ്മളറിയാതെ നമ്മുടെ പണത്തിന്റെ മൂല്യം ചോരും. നേട്ടം വന്‍കിട കമ്പനികള്‍ക്ക്.
കാഷ്‌ലെസ് ഇക്കോണമി ഒറ്റയടിക്ക് അടിച്ചേല്‍പ്പിക്കേണ്ട പ്രതിഭാസമല്ല. ചില അറബ് രാഷ്ട്രങ്ങള്‍ ഇ ഗവേണന്‍സിന്റെ ഭാഗമായി ഗവണ്‍മെന്റ് ഡിപാര്‍ട്ട്‌മെന്റുകളിലെല്ലാം ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. എന്നാല്‍, പൊതുവിപണിയില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള രീതി സ്വീകരിക്കാം. നോട്ടുനിരോധിക്കല്‍പോലുള്ള കടുംകൈയിലൂടെ ജനങ്ങളെ പണരഹിതസമ്പദ്ഘടനയിലേയ്ക്കു നാല്‍ക്കാലികളെയെന്നപോലെ ആട്ടിത്തെളിക്കുന്ന വങ്കത്തമൊന്നും അവര്‍ ചെയ്തില്ല.
അഴിമതി ഇല്ലാതാക്കാനും നികുതി വെട്ടിപ്പും കള്ളപ്പണവും തടയാനും ഫലപ്രദമായ മാര്‍ഗം സര്‍ക്കാരിന്റെ ജനങ്ങളോടുള്ള സമീപനം മാറ്റലും സര്‍ക്കാന്‍ മെഷിനറി ശുദ്ധീകരിക്കലുമാണ്.
നികുതികള്‍ വര്‍ധിപ്പിച്ചും കൊള്ളലാഭമെടുത്തും ജനങ്ങളെ ചൂഷണം ചെയ്യല്‍ നയമാക്കുന്ന സര്‍ക്കാരിന് കള്ളപ്പണത്തെക്കുറിച്ചു സംസാരിക്കാനുള്ള ധാര്‍മികത നഷ്ടപ്പെടും. നിലവിലുള്ള നികുതിഘടനയെ ജനങ്ങള്‍ അന്യായവും പിടിച്ചുപറിയുമായി കാണുന്നതുകൊണ്ടാണ് അതില്‍നിന്നു രക്ഷപ്പെടാന്‍ കള്ളക്കണക്കുകളും മറ്റ് ഉപായങ്ങളും സ്വീകരിക്കുന്നത്.
മിതവും ന്യായവുമായ നികുതിസമ്പ്രദായം നടപ്പിലാക്കി ജനവിശ്വാസം നേടിയെടുക്കാന്‍ തയാറായാല്‍ കൂടുതല്‍ പേര്‍ നികുതിയടയ്ക്കാന്‍ മുന്നോട്ടു വരും. അതുവഴി ഒരു വിഭാഗത്തെ പിഴിയാതെ തന്നെ സര്‍ക്കാരിനു വരുമാനം വിര്‍ധിപ്പിക്കാന്‍ കഴിയും. നികുതി വെട്ടിപ്പു കുറയും. ധൂര്‍ത്തും പാഴ്ചിലവും കുറച്ചു, ഭരണനിര്‍വഹണരംഗത്തെ അധികബാധ്യത കുറയ്ക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നികുതി ചമുത്തി ജനങ്ങളെ പ്രയാസപ്പെടുത്തേണ്ടി വരില്ല.
കള്ളപ്പണം തടയാന്‍ കുറുക്കുവഴികളില്ല. ഭരണരംഗത്തു സുതാര്യതയും തുല്യ നീതിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഉറപ്പുവരുത്തി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ തയാറായാല്‍ ജനങ്ങളുടെ മനോഭാവം മാറും. പരസ്പരവിശ്വാസത്തില്‍ അധിഷ്ടിതമായ സാമൂഹികവ്യവസ്ഥിതിയിലൂടെ മാത്രമേ ക്ഷേമരാഷ്ട്രത്തിലേയ്ക്കുള്ള പ്രയാണം ത്വരിതപ്പെടുത്താനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."