'സൈഫ് അല്‍ അബ്റജ് ബ്രിഗേഡ് ' കിരീടാവകാശിയുടെ മേല്‍നോട്ടത്തില്‍ സഊദിയില്‍ പുതിയ സുരക്ഷാ സേന
റിയാദ്: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ മേല്‍നോട്ടത്തില്‍ പുതിയ സുരക്ഷാ സേന. കഴിഞ്ഞ ദിവസം രാജ കൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയ പതിനൊന്നു രാജകുമാരന്മാരെ അറസ്റ്റു ചെയ്തു നീക്കിയത് മുതലാണ് ഇവരുടെ സാന്നിധ്യം രാജ്യത്തിന് വ്യക്തമായത്. രാജകുമാരനെതിരെയും ഭരണ സാരഥ്യം വഹിക്കുന്നവര്‍ക്കെതിരെയും ഉയരുന്ന ഭീഷണികള്‍ തടയുകയാണ് പുതിയ സുരക്ഷാ സേനയുടെ ലക്ഷ്യം. കഴിഞ്ഞ ശനിയാഴ്ച 11 രാജകുമാരന്മാര് റിയാദിലെ ഖസ്റുല്‍ ഹുകും രാജ കൊട്ടാരത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ ഇവരെ നേരിട്ടത് സൈഫ് അല്‍ അബ്റജ് ബ്രിഗേഡ് അംഗങ്ങളായിരുന്നു. തുടര്‍ന്നാണ് ഈ സംഘത്തെ കുറിച്ചു വാര്‍ത്തകള്‍ പരന്നത്.
സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഭരണം ഏറ്റെടുത്ത ഉടനെ തന്നെ സംഘത്തിനു രൂപം നല്‍കിയിരുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. വ്യത്യസ്ത റാങ്കുകളില്‍ പെട്ട ഏറ്റവും നവീനവും കഠിനവുമായ പരിശീലനങ്ങള്‍ നേടിയ അയ്യായിരത്തിലേറെ സുരക്ഷാ സൈനികരാണ് ഇതിലെ അംഗങ്ങള്‍. രണ്ടാം സഊദി ഭരണകൂട സ്ഥാപകന്‍ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ സഊദ് ഉപയോഗിച്ച വാളിന്റെ പേരാണ് 'അല്‍ അബ്റജ്'. അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ വാളായാണ് ഇത് അറിയപ്പെടുന്നത്.
ഹിജ്റ 1286 ല്‍ ഇത് ഇമാം സഊദ് ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബഹ്റൈന്‍ അമീര്‍ ശൈഖ് ഈസ ബിന്‍ അലി അല്‍ ഖലീഫക്ക് സമ്മാനിക്കുകയിരുന്നു. പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരുന്ന ഈ ഗഡ്ഗം തൊടാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പിന്നീട് 2010 ല്‍ ബഹ്റൈന്‍ രാജാവ് അന്നത്തെ സഊദി ഭരണാധികാരി അബ്ദുള്ള രാജാവിനു ഈ വാള് സമ്മാനിക്കുകയായിരുന്നു. ഇപ്പോള്‍ ഇത് സല്മാന് രാജാവിന്റെ കരങ്ങളിലാണ്. പ്രശസ്തമായ വാളിന്റെ പേര് തന്നെ നല്‍കിയതിലൂടെ അത്രക്കും മൂര്‍ച്ചയുള്ള സംഘത്തെയാണ് സുരക്ഷക്കായി രൂപീകരിച്ചതെന്ന ധ്വനിയാണ് ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."