ജില്ലാ ബാങ്ക് ഭരണസമിതി പിരിച്ചുവിടല്‍ നടപടിക്ക് നിയമത്തിന്റെ പിടി
കല്‍പ്പറ്റ: ജില്ലാ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ച സംസ്ഥാന സഹകരണ രജിസ്ട്രാറുടെ നടപടിക്കെതിരേ ബാങ്ക് മുന്‍ പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ഹരജിയില്‍ പറയുന്ന എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസുമയച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി ഗഗാറിന്‍, അംഗങ്ങളായ പി.വി സഹദേവന്‍, പി.കെ മൂര്‍ത്തി, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി.എസ് വല്‍സരാജ് എന്നിവര്‍ക്കാണ് നോട്ടീസ്. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ നടപടി റദ്ദാക്കണമെന്ന അപേക്ഷയുമായി തിങ്കളാഴ്ചയാണ് ബാലചന്ദ്രന്‍ ഹൈക്കോടതിയെ സമിപീച്ചത്.
ഇതേ ദിവസമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റതും. ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ (ജനറല്‍) ശുപാര്‍ശയില്‍ സഹകരണ നിയമത്തിലെ വകുപ്പ് 33 പ്രകാരം ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാന രജിസ്ട്രാര്‍ ഉത്തരവായത്. ബാങ്ക് ഭരണസമിതിക്ക് ക്വാറം ഇല്ലെന്നും അതിനാല്‍ പിരിച്ചുവിടണമെന്നുമായിരുന്നു ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ശുപാര്‍ശ. 21 അംഗ ഭരണസമിതിയാണ് ജില്ലാ ബാങ്കിന്. ക്വാറം തികയുന്നതിനു ഭരണസമിതി യോഗങ്ങളില്‍ 11 പേരാണ് ആവശ്യം.
രണ്ടുമാസം മുന്‍പ് ചേര്‍ന്ന ഭരണസമിതി യോഗം മുള്ളന്‍കൊല്ലി സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കെ.കെ അബ്രഹാം, സുല്‍ത്താന്‍ ബത്തേരി പഴം പച്ചക്കറി മാര്‍ക്കറ്റിങ് സഹകരണ സംഘം പ്രതിനിധി ജോര്‍ജ് മുണ്ടയ്ക്കല്‍, മാനന്തവാടി സഹകരണ പ്രസ് പ്രതിനിധി ടി മുകുന്ദന്‍, ഏച്ചോം സര്‍വിസ് സഹകരണ ബാങ്ക് പ്രതിനിധി പി.എസ് മാത്യു എന്നിവരെ സഹകരണ നിയമം സെക്ഷന്‍ 28 ഒന്ന് ജെ പ്രകാരം ഡയറക്ടര്‍ ബോര്‍ഡില്‍ നാമനിര്‍ദേശത്തിലൂടെ ഉള്‍പ്പെടുത്തിയിരുന്നു. ക്വാറം തികയാത്ത സാഹചര്യം ഒഴിവാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായായിരുന്നു ഇതെന്നും ഈ നാമനിര്‍ദേശങ്ങള്‍ ക്രമരഹിതമെന്നു കണ്ട് റദ്ദാക്കിയുമാണ് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."