നിര്‍ദിഷ്ട തലശ്ശേരി-മൈസൂരു പാതയെ നഞ്ചന്‍കോട് പാതയുമായി ബന്ധിപ്പിക്കണം
കല്‍പ്പറ്റ: തലശ്ശേരി-മൈസൂരു റെയില്‍പ്പാതയുടെ അലൈന്മെന്റ് നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാതയുമായി ബന്ധിപ്പിച്ച് പുനര്‍നിര്‍ണയിക്കണമെന്നു പനമരം പാംഗ്രൂ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയ്ക്ക് കേന്ദ്രാനുമതി അടക്കം ലഭ്യമായതാണ്. ഈ സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു തുടങ്ങി കേണിച്ചിറ, നടവയല്‍, പനമരം, ചെറുകാട്ടൂര്‍, വള്ളിയൂര്‍ക്കാവ്, മാനന്തവാടി വഴി തലശ്ശേരിയിലേക്ക് അലൈന്മെന്റ് നിശ്ചയിച്ചാല്‍ ദൂരവും ചെലവും കുറയ്ക്കാനാവും. മാനന്തവാടിയില്‍ നിന്നും മൈസൂരുവിലേക്ക് പരിഗണിക്കുന്ന അലൈന്മെന്റ് പ്രകാരമുള്ള ദൂരം 95 കിലോമീറ്ററാണ്. ഇതില്‍ 16 കിലോമീറ്റര്‍ വന്യജീവി സങ്കേതങ്ങളിലൂടെയും ബാക്കി കര്‍ണാടകയിലെ ബീച്ചനഹള്ളി, നൂഗു അണക്കെട്ടുകളുടെ സമീപപ്രദേവുമാണ്. മഴക്കാലത്ത് വെള്ളം കയറുന്ന ഈ പ്രദേശത്ത് തുരങ്ക പാത പ്രായോഗികമല്ല. എന്നാല്‍, നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 30 കിലോമീറ്റര്‍ കൊണ്ട് മാനന്തവാടിയില്‍ എത്താനാവും. ഡി.എം.ആര്.സി തയാറാക്കിയ അലൈന്മെന്റില് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും നഞ്ചന്കോടേക്ക് 66 കിലോമീറ്റര്‍ ദൂരെമേ ഉള്ളൂ. ഈപാത യാഥാര്‍ഥ്യമായാല്‍ വയനാടിന് വന്‍ നേട്ടമുണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം സി സെബാസ്റ്റ്യന്‍, സെക്രട്ടറി ദേവദാസ്, ജോണ്‍മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."