തീറ്റ തേടി കാട്ടുകൊമ്പന് ജനവാസ കേന്ദ്രങ്ങളില്‍; ഭീതിയോടെ നാട്ടുകാര്‍
ഓടത്തോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി ഒറ്റയാന്. കുന്നമ്പറ്റ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ഒറ്റയാന് ഇറങ്ങിയത്. പരിസരത്തെ വാഴകളും തെങ്ങുകളും നശിപ്പിച്ചു.
മണിക്കൂറുകളോളം തമ്പടിച്ച ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചും ഭയപ്പെടുത്തിയും രാത്രി ഒരുമണിയോടെയാണ് തിരിച്ച് വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം ഓടത്തോട് കോട്ടനാട്, ആനക്കാട്, കാപ്പിക്കാട്, എട്ടാം നമ്പര്‍ എന്നിവിടങ്ങളിലും ആന എത്തിയിരുന്നു.
കാട്ടാന വനത്തിലേക്ക് തന്നെ തിരിച്ചു പോയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചു വരുന്ന അവസ്ഥയാണുള്ളത്. വനത്തില്‍ വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് ആനകള്‍ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാന്‍ കാരണമാകുന്നത്. സന്ധ്യയായാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങങ്ങള്ക്ക് സമീപമാണ് കോട്ടനാട് ഗവ.യു പി സ്കൂള്‍, കുന്നമ്പറ്റ യു.പി സ്കൂള്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. ഏതു സമയവും ആന ഇറങ്ങുമെന്നതിനാല്‍ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്. വൈദ്യുതി കമ്പിവേലി അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വനം വകുപ്പ് പ്രദേശവാസികളുടെ ജീവനും കൃഷിക്കും സംരക്ഷണം നല്കാന് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."