കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: ജില്ലയില്‍ 201 സര്‍വിസുകള്‍ മുടങ്ങി
കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കില്‍ യാത്രക്കാര്‍ ദുരിതത്തിലായി. ജില്ലയില്‍ ആകെയുള്ള 240 സര്‍വിസുകളില്‍ 201 സര്‍വിസുകളും മുടങ്ങി. മാനന്തവാടി ഡിപ്പോയില്‍ നിന്ന് ഒരു സര്‍വിസ് മാത്രമാണ് ഇന്നലെ നടന്നത്.
കല്‍പ്പറ്റയില്‍ 18 സര്‍വിസുകളും ജില്ലാ ഡിപ്പോയായ ബത്തേരിയില്‍ നിന്ന് 20 സര്‍വിസുകളും നടന്നു. സി.ഐ.ടി.യു ഒഴികെയുള്ള മുഴുവന്‍ യൂനിയനുകളും സമരത്തിന്റെ ഭാഗമായതോടെ യാത്രക്കാരും ദുരിതത്തിലായി.
ശമ്പളവും പെന്‍ഷനും ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ സമരം. പണിമുടക്ക് നടത്തിയ ജീവനക്കാര്‍ ഡിപ്പോകളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി. മാനന്തവാടി ഡിപ്പോയില്‍ സി.ഐ.ടി.യു ജീവനക്കാരും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച തൊടെ സര്‍വിസുകള്‍ പൂര്‍ണമായും മുടങ്ങി. പണിമുടക്കിനെ തുടര്‍ന്ന് 84 ഷെഡ്യൂളുകളാണ് മാനന്തവാടിയില്‍ റദ്ദാക്കിയത്. 168 ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തത്.
കണ്ടക്ടര്‍മാരില്‍ 44 സ്ഥിരം തൊഴിലാളികളും, 40 എം പാനല്‍ ജീവനക്കാരും പണിമുടക്കിയപ്പോള്‍ ഡ്രൈവര്‍മാരില്‍ 62 സ്ഥിരം ജീവനക്കാരും 22 എം പാനലുകാരും പണിമുടക്കില്‍ പങ്കെടുത്തു.
മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലിക്കുള്ള 23 പേരും ജോലിക്ക് ഹാജരായില്ല. ക്ലറിക്കല്‍ തസ്തികയില്‍ 18 പേരാണ് ഡിപ്പോയിലുള്ളത്. ഇതില്‍ എട്ടുപേര്‍ ജോലിക്ക് ഹാജരായില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളില്‍ നിന്നും വ്യത്യസ്തമായി മാനന്തവാടിയിലാണ് സമരം പുര്‍ണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."