തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്തു
കൂട്ടിലങ്ങാടി: പഞ്ചായത്തു പരിധിയിലെ ഉള്‍റോഡുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ പഞ്ചായത്ത് ലാഭിക്കാനായത് പകുതിയോളം തുക. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ജനകീയമായി നടപ്പിലാക്കുന്നതിനാലാണ് ചെലവ് കുത്തനെ കുറക്കാനായത്. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 17 വാര്‍ഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഉള്‍റോഡുകളുടെ കോണ്‍ക്രീറ്റ് ജോലികള്‍ ഇത്തരത്തില്‍ പൂര്‍ത്തിയായി.
ടെന്‍ഡര്‍, ടാറിങ് എന്നിവ ഒഴിവാക്കിയതും ചെലവു കുറയാന്‍ കാരണമായി. തകര്‍ന്നതും ടാര്‍ ചെയ്യാത്തതുമായ ഉള്‍ റോഡുകളാണ് ഇത്തരത്തില്‍ ഗതാഗതയോഗ്യമാക്കിയത്. അഴിമതിമുക്ത മാര്‍ഗമെന്ന നിലയില്‍ മറ്റു ഗ്രാമീണ റോഡുകളിലേക്കും പരീക്ഷണത്തിനു വഴി തുറക്കുകയാണ് പഞ്ചായത്ത്.
കോണ്‍ക്രീറ്റുവല്‍ക്കരണത്തിനു മുന്നോടിയായി പരിസരവാസികളുടെ സഹകരണം ഉറപ്പു വരുത്തുന്നതാണ് ജനകീയമാകാന്‍ കാരണം.
ബന്ധപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ യോഗം വിളിച്ചാണ് നടപ്പിലാക്കുന്നത്. മികച്ച പരിചരണം ലഭ്യമാക്കിയാല്‍ ഈടു നില്‍ക്കുമെന്നതും അഴിമതി മുക്തമാക്കാമെന്നതും കക്ഷി രാഷ്ട്രീയം മറന്നു സഹകരിക്കാന്‍ പ്രചോദനമേകുന്നു.
തൊഴിലുറപ്പു തൊഴിലാളികളാണ് ജോലിക്കാരെങ്കിലും മുഴുവന്‍ വാര്‍ഡുകളിലും നിര്‍മാണത്തിനു ദൈനംദിന പരിചരണങ്ങള്‍ക്കും നാട്ടുകാരുടെ സൗജന്യസേവനം ലഭ്യമാകുന്നുണ്ട്. കോണ്‍ക്രീറ്റു സാമഗ്രികള്‍ എത്തിക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷനു മാത്രമാണു പുറമേക്ക് ടെന്‍ഡര്‍ നല്‍കുന്നത്.
ടാറിങിനേക്കാള്‍ നൂറ്റമ്പതു ശതമാനം ലാഭകരമാണിതെന്നു പഞ്ചായത്തു അധികൃതര്‍ വ്യക്തമാക്കി.
മൂന്നു മീറ്റര്‍ വീതിയില്‍ ഒരു മീറ്റര്‍ റോഡ് ഭാഗം കോണ്‍ക്രീറ്റ് ചെയ്യാന്‍ 2100 രൂപയോളമേ ചെലവു വരൂ. ഇതു പ്രകാരം രണ്ടു ലക്ഷം രൂപ കൊണ്ട് നൂറു മീറ്ററോളം അളവില്‍ കോണ്‍ക്രീറ്റു പൂര്‍ത്തിയാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."