കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് യാത്രക്കാരെ വലച്ചു
മലപ്പുറം: തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെത്തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഭാഗികമായാണ് സര്‍വിസ് നടത്തിയത്. സര്‍വിസ് മുടങ്ങിയതോടെ ദീര്‍ഘ ദൂര യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ചെറിയ റൂട്ടുകളില്‍ കൂടുതല്‍ സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിയില്ല.
ദീര്‍ഘദൂര റൂട്ടുകളായ പാാലക്കാട്-കോഴിക്കാട്, മലപ്പുറം-എറണാകുളം, വഴിക്കടവ്-കോഴിക്കോട് റൂട്ടുകളിലെ യാത്രക്കാരാണ് പണിമുടക്കില്‍ ഏറെയും വലഞ്ഞത്. എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍, കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാട്ടിക് ഫ്രണ്ട്(ടി.ഡി.എഫ്), ബി.എം.എസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ്, ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നീ സംഘടനകളാണു പണിമുടക്കില്‍ പങ്കെടുത്തത്.
വ്യാഴാച്ച് അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. മലപ്പുറം ഡിപ്പോയില്‍ നിന്നും സര്‍വിസ് നടത്തുന്ന മലപ്പുറം-നെടുമ്പാശ്ശേരി, പാലക്കാട്-കോഴിക്കോട് റൂട്ടുകളിലെ രണ്ടു വീതം ലോഫ്‌ളോര്‍ സര്‍വീസുകളും പണിമുടക്ക് കാരണം മുടങ്ങി. ശമ്പളം യഥാസമയം വിതരണം ചെയ്യുക, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കുക, സ്വകാര്യ ബസുകള്‍ക്ക് ദേശാസാല്‍കൃത റൂട്ടൂകളില്‍ പെര്‍മിറ്റ് നീട്ടിക്കൊടുത്ത നടപടി പുനപരശോധിക്കുക എന്നീ അവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്.
പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി. മലപ്പുറത്ത് നടന്ന പ്രകടനത്തിന് സംയുക്ത തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ നസീര്‍ ആയമോന്‍, വി.പി കുഞ്ഞു, എം.ആര്‍ ശെല്‍വരാജ് (ഐ.എന്‍.ടി.യു.സി), എന്‍.കെ ഫൈസല്‍(ഡ്രൈവേഴ്‌സ് യൂനിയന്‍), കെ.പി യൂസുഫ്(എ.ഐ.ടി.യു.സി) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനത്തിന് ശേഷം നടന്ന വിശദീകരണ യോഗത്തില്‍ പി.ടി ഷറഫുദ്ദീന്‍, കെ.കെ പ്രജീഷ്, അറുമുഖന്‍, പി മൊയ്തീന്‍കുട്ടി, പി അബ്ദുല്‍ജലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."