ദേശീയ വിരമുക്ത ദിനം: ഒന്ന് മുതല്‍ 10 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആല്‍ബന്റസോള്‍ ഗുളിക നല്‍കും
മലപ്പുറം: ഫെബ്രുവരി പത്ത് ദേശീയ വിരമുക്തദിനമായി ആചരിക്കുന്നു. കുട്ടികളിലെ വിരബാധ തടയുന്നതിനായി ഒന്ന് മുതല്‍ 10 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആല്‍ബന്റസോള്‍ ഗുളിക ഒരു ഡോസ് നല്‍കുന്നു. സ്‌കൂള്‍ - അങ്കണവാടി തലത്തിലാണ് ഗുളിക വിതരണം. കുട്ടികളില്‍ വിരശല്യംമൂലം അവര്‍ക്ക് പോഷകാഹാര കുറവും വിളര്‍ച്ചയും മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളുമുണ്ടാകാം. ഇതുമൂലം കുട്ടികളുടെ ഊര്‍ജ്ജസ്വലതയെയും വിദ്യാഭ്യാസത്തെയും ബാധിക്കുന്നു. ഇത് തടയുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ നിശ്ചിത ദിവസം വിരഗുളിക നല്‍കുന്നത്.
വിരശല്യം തടയുന്നതിന് ശ്രദ്ധിക്കേണ്ടത്
പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം ചെയ്യാതിരിക്കുക, ശൗചാലയം ഉപയോഗിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയത്തില്‍ പോയതിന് ശേഷവും കൈ സോപ്പിട്ട് കഴുകുക, പാദരക്ഷകള്‍ ഉപയോഗിക്കുക, പച്ചക്കറികളും പഴവര്‍ഗങ്ങളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ നന്നായി പാകം ചെയ്യുക.
വിരമുക്ത ചികിത്സയുടെ പ്രയോജനങ്ങള്‍
വിളര്‍ച്ച തടയുകയും ശരീരം പുഷ്ടിപ്പെടുത്തുകയും ചെയ്യും. വളര്‍ച്ചയും തൂക്കവും കൂടും. ശാരീരികവും മാനസികവുമായ ആരോഗ്യം പഠനത്തെ അഭിവൃദ്ധിപ്പെടുത്തുന്നു.
കഴിക്കേണ്ട രീതി
ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒന്ന് മുതല്‍ രണ്ടു വയസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയുടെ പകുതിയും രണ്ട് മുതല്‍ 19 വയസ് വരെയുള്ളവര്‍ക്ക് ഒരു ഗുളികയും കഴിക്കാം. ഭക്ഷണത്തിന് ശേഷം ചവച്ചരച്ചാണ് കഴിക്കേണ്ടത്. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ച് നല്‍കാം. ആല്‍ബന്റസോള്‍ ഗുളിക താരതമ്യേന ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. എന്നിരുന്നാലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."