കട്ടുപ്പാറയില്‍ മോഷണ പരമ്പര
പുലാമന്തോള്‍: കട്ടുപ്പാറയിലും സമീപ പ്രദേശങ്ങളിലും മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കട്ടുപ്പാറ സ്വദേശി വട്ടക്കണ്ടത്തില്‍ മുസ്തഫയുടെ വീട്ടില്‍ നിന്നും 16 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈലും പണവുമാണ് ഈ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ മോഷണം പോയത്. വീടിന്റ പിന്‍വശത്തെ അടുക്കളയുടെ വാതില്‍ കമ്പിപ്പാരകൊണ്ട് അടര്‍ത്തി മാറ്റിയ ശേഷമാണ് മോഷ്ടാവ് വീടിനകത്തു കറിയിരിക്കുന്നത്.
മുറിയില്‍ കയറിയ ശേഷം അലമാറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ബാഗില്‍ നിന്നും മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കാലില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിക്കുകയും ചെയ്തു. ശബ്ദംകേട്ട യുവതി ഉറക്കില്‍ നിന്നുമുണര്‍ന്നപ്പോഴേക്കും കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പെരിന്തല്‍മണ്ണ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചോടെ പൊലിസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് തൊട്ടടുത്ത വീട്ടിലും കള്ളന്‍ കയറിയിരുന്നു. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വാതില്‍ പുറത്തേക്ക് കുറ്റിയിട്ടശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ മറ്റൊരു വീടിന്റെ ഓട് പൊളിച്ചും കള്ളന്‍ അകത്തു കയറിയിരുന്നു. ഒരാഴ്ച മുന്‍പ് കനാന്‍ പരിസരത്തെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു.
ഈ വീടുകളെല്ലാം ഇരുന്നൂറു മീറ്റര്‍ ചുറ്റളവിലെ വീടുകളിലാണ് ഈ കഴിഞ്ഞ മോഷണങ്ങളെല്ലാം നടന്നിരിക്കുന്നത്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വോഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."