കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു: തിരൂര്‍ മേഖലയില്‍ 12 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി
തിരൂര്‍: കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് തിരൂര്‍ മേഖലയില്‍ ഇന്നലെ 12 മണിക്കൂറിലധികം വൈദ്യുതി വിതരണം തടസപ്പെട്ടു. തിരൂര്‍ പൊറ്റത്തെപ്പടിയില് വ്യാഴാഴ്ച രാത്രിയിലാണ് തലക്കടത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ച മാരുതി കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുമ്പ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു തൂങ്ങി.
അപകടത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച വൈകിട്ട് 5.30 വരെയാണ് തിരൂര്‍ തെക്കുംമുറി, പൊലിസ് ലൈന്‍ തുടങ്ങിയ മേഖലകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടത്. റോഡിലേക്ക് ഒടിഞ്ഞുതൂങ്ങിയ വൈദ്യുതി പോസ്റ്റ് കെ.എസ്.ഇ.ബി ജീവനക്കാര്‍ പൊലിസ് സഹായത്തോടെ വാഹനങ്ങള്‍ റോഡിന് സമീപത്തെ പെട്രോള്‍ പമ്പ് കോംപൗണ്ടിലൂടെ തിരിച്ചുവിട്ടാണ് മാറ്റി സ്ഥാപിച്ചത്.
അപകടത്തെ തുടര്‍ന്ന് രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍ ആളപായമില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."