ആശങ്കകള്‍ക്ക് അറുതിയായി; തോട്ടറപ്പുഞ്ചയിലെ കനാലുകളില്‍ പെരിയാര്‍ ജലമെത്തി
കൊച്ചി: എറണാകുളം ജില്ലയുടെ നെല്ലറയെന്ന കീര്‍ത്തി വീണ്ടെടുക്കാനുള്ള തോട്ടറപ്പുഞ്ചയിലെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് കനാലുകളിലൂടെ പെരിയാര്‍ ജലമെത്തി. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളിലായി ഇരുന്നൂറോളം ഏക്കറിലാണ് കഴിഞ്ഞ ഒക്‌ടോബറില്‍ കൃഷിയിറക്കിയത്. മഴ കുറഞ്ഞതിനെ തുടര്‍ന്നുള്ള ജലദൗര്‍ലഭ്യം കൃഷിയെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് കനാലുകളിലെ തടസങ്ങള്‍ നീക്കി പെരിയാര്‍വാലി ജലസേചന പദ്ധതിയില്‍ നിന്നും വെള്ളം പാടശേഖരങ്ങളിലേക്കെത്തിയത്.
കൃഷി, ജലസേചന വകുപ്പുകളെ ഏകോപിപ്പിച്ച് കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ ശ്രമമാണ് തോട്ടറപ്പുഞ്ചയിലെ കൃഷി സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ വഴിയൊരുക്കിയത്. പാടങ്ങളിലേക്ക് വെള്ളമെത്തിയത് കാണാന്‍ കലക്ടറും എ.ഡി.എം സി.കെ പ്രകാശും ഇന്നലെ പുഞ്ചയിലെത്തിയിരുന്നു.
ആമ്പല്ലൂരില്‍ മനയ്ക്കത്താഴം പാടശേഖരത്തിലും എടയ്ക്കാട്ടുവയലില്‍ കൈപ്പട്ടൂര്‍, അയ്യന്‍കുന്നം, തോട്ടറ എന്നീ പാടശേഖരങ്ങളിലുമാണ് കൃഷി നടക്കുന്നത്. ആമ്പല്ലൂരിനും എടയ്ക്കാട്ടുവയലിനും പുറമെ കോട്ടയം ജില്ലയിലെ വെള്ളൂര്‍ പഞ്ചായത്തിലൂം വ്യാപിച്ചു കിടക്കുന്ന തോട്ടറപ്പുഞ്ചയ്ക്ക് 1200 ഏക്കറോളമാണ് വിസ്തൃതി.
കര്‍ഷകരും സന്നദ്ധസംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും ഇതിനായി കൈകോര്‍ത്തു. പായലും മാലിന്യങ്ങളും നിറഞ്ഞ തോടുകളിലെ നീരൊഴുക്ക് വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."