പൈപ്പുകളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ജലമെടുക്കല്‍; നടപടി ശക്തമാക്കുന്നു
മട്ടാഞ്ചേരി: ഉപഭോക്താക്കള്‍ പൈപ്പുകളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ജലം ഊറ്റുന്നതിനെതിരേ ജല അതോറിറ്റി നടപടി ശക്തമാക്കുന്നു. പൊതു ടാപ്പ്, ഗാര്‍ഹിക കണക്ഷന്‍ എന്നിവയില്‍ നിന്ന് മോട്ടോര്‍,ഹാന്‍ഡ് പമ്പ് എന്നിവ ഉപയോഗിച്ച് ജലമെടുക്കുന്നതിനെതിരെയാണ് ജല അതോറിറ്റി ശക്തമായ നടപടിക്കൊരുങ്ങുന്നത്. ഇത്തരം പ്രവൃത്തികള്‍ മൂലം തോടുകള്‍, കാനകള്‍ എന്നിവടങ്ങളിലുള്ള മലിന ജലം കുഴലുകളില്‍ കയറി കുടിവെള്ളവുമായി കലരുന്നത് മൂലം ഛര്‍ദ്ദി, അതിസാരം തുടങ്ങിയ രോഗങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണിത്.
മോട്ടോര്‍ ഉപയോഗിച്ച് ജലം ഊറ്റുന്നത് പശ്ചിമകൊച്ചിയില്‍ വ്യാപകമാണെന്ന നിരവധി പരാതികളുണ്ടെങ്കിലും അധികൃതര്‍ ഇത് കണ്ടില്ലന്ന് നടിക്കുകയായിരുന്നു. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ നിരീക്ഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ കണക്ഷന്‍ വിഛേദിക്കല്‍, പിഴ ഈടാക്കല്‍, ക്രിമിനല്‍ കേസ് തുടങ്ങിയ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. കുടിവെള്ളം ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
ജല ജന്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും വേനല്‍ കൂടുന്നതോടെ വ്യാപകമാകുമെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. പശ്ചിമകൊച്ചിയില്‍ നിരവധി പൈപ്പുകളാണ് കാനകളിലൂടേയും തോടുകളിലൂടേയും പോയിട്ടുള്ളത്. ഇതില്‍ പലതും കാലപ്പഴക്കം മൂലം ജീര്‍ണ്ണാവസ്ഥയിലായവയാണ്. അതുകൊണ്ട് തന്നെ മോട്ടോര്‍ ഉപയോഗിച്ചുള്ള ജലം വലിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അഴുക്ക് ജലം പൈപ്പുകളില്‍ പ്രവേശിക്കുകയും ഇത് കുടി നീരിനോടൊപ്പം കലരുകയും ഈ ജലം പൊതു ടാപ്പിലൂടെയും ഗാര്‍ഹിക കണക്ഷന്‍ വഴിയും വീടുകളില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
ശനി,ഞായര്‍ ദിവസങ്ങളില്‍ ചെല്ലാനം പഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ളത്തില്‍ സൂപ്പര്‍ ക്‌ളോറിനേഷന്‍ നടത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ ജലം സംഭരിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രമേ കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ജല അതോറിറ്റി കരുവേലിപ്പടി അസിഃ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."