തമിഴ്നാട് ഇനി ചിന്നമ്മക്കൈകളില്; തീരുമാനം നാളെ
ചെന്നൈ: നാളെ നടക്കുന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ഉറ്റുനോക്കുകയാണ് തമിഴ്നാട് രാഷ്ട്രീയം. മുഖ്യമന്ത്രി പനീര്‍ശല്‍വത്തെ നീക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വികെ ശശികല സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന് ഒരു ദേശിയ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. എംഎല്‍എമാരുടെ യോഗത്തില്‍ ചില സുപ്രധാനതീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് എഐഎഡിഎംകെ നേതൃത്വവും വ്യക്തമാക്കി.
ഈ മാസം ഏഴിനോ ഒന്‍പതിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നാളെ നടക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഇക്കാര്യത്തിലടക്കം തീരുമാനമായേക്കും.
മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തയും ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണന് രാജിവയ്ക്കാന്‍ തീരുമാനിച്ചായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശശികല മുഖ്യമന്ത്രിയാകുന്നതിനുള്ള മുന്നൊരുക്കമാണെന്നാണ് ഷീലയുടെ രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അവര്‍ 2014ല്‍ ആണ് സര്‍ക്കാറിന്റെ ഉപദേഷ്ടാവായി സ്ഥാനമേറ്റത്. അസുഖം ബാധിച്ച് ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ സംസ്ഥാന ഭരണം കാര്യക്ഷമമായി നിര്‍വഹിച്ചതില്‍ ഷീലയുടെ പങ്കു വലുതാണ്.
എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി പനീര്ശല്വമടക്കമുള്ള എഐഎഡിഎംകെ നേതാക്കള്‍ നേതൃമാറ്റത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല.
ശശികല മുഖ്യമന്ത്രിയാകണമെന്ന് എ.ഐ.എ.ഡി.എം.കെ എം.പിയും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ ആവശ്യപ്പെട്ടിരുന്നു. ശശികല എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും ജനങ്ങളില്‍നിന്നു പൂര്‍ണ പിന്തുണ കിട്ടാന്‍ പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ പ്രബല വിഭാഗം ശശികല മുഖ്യമന്ത്രിയാകുന്നതിനു അനുകൂലമാണ്.
ജയലളിത മരിച്ച് അധികം വൈകാതെ ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തിരുന്നു. അമ്മക്ക് പാര്‍ട്ടിയായിരുന്നു ജീവിതം, എനിക്ക് അമ്മയാണ് ജീവിതം, ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ശശികല പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."