നാവിക അക്കാദമി മാലിന്യ പ്ലാന്റ്: കിണറുകള്‍ മലിനമെന്ന് റിപ്പോര്‍ട്ട്
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിന ജലവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് രാമന്തളി തെക്കുമ്പാടെ കിണറുകളില്‍ നിന്നു പരിശോധിച്ച വെള്ളം കുടിക്കാന്‍ യോഗ്യമല്ലാത്ത വിധം മലിനമെന്ന് റിപ്പോര്‍ട്ട്. ഒരു പ്രദേശത്തെ കുടിവെള്ളം പൂര്‍ണമായും ഉപയോഗശൂന്യമായിരിക്കെ സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചും സംഭവസ്ഥലം ഉടന്‍ ഡി.എം.ഒ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് ബഹളത്തിനിടയാക്കി.
അക്കാദമിയുടെ മാലിന്യ പ്ലാന്റിന് സമീപത്തെ കിണര്‍ വെള്ളമാണ് പരിശോധിച്ചത്. വെള്ളത്തില്‍ ഗുരുതരമായ രീതിയില്‍ ബാക്ടീരിയയുടെ അളവ് കണ്ടെത്തി. പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രാമന്തളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ജന ആരോഗ്യ സമിതി പ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതാണ് ബഹളത്തിന് കാരണമായത്.
ബുധനാഴ്ച വൈകുന്നേരം വെള്ളത്തിന്റെ പരിശോധന ഫലം ലഭിച്ചിട്ടും ബന്ധപ്പെട്ട വീട്ടുകാരെയോ പരിസരവാസികളെയോ അറിയിക്കാതെ റിപ്പോര്‍ട്ട് മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കര്‍മസമിതി ഭാരവാഹികളും പ്രവര്‍ത്തകരും ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.
ബഹളത്തിനിടെ റിപ്പോര്‍ട്ട് കര്‍മസമിതി ഭാരവാഹികള്‍ക്ക് നല്‍കാന്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് ഡി.എം.ഒ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.
ഇതിനു ശേഷം കിണറുകളില്‍ ക്ലോറിനേഷന്‍ ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കര്‍മസമിതി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
ഏതാനും കിണറുകളില്‍ മാത്രം ക്ലോറിനേഷന്‍ ചെയ്ത് സംഭവത്തിന്റെ ഗൗരവം കുറച്ചു കാട്ടാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു തടഞ്ഞത്.
ഡി.എം.ഒ നേരിട്ടെത്തി വിശദീകരണം നടത്തിയ ശേഷം ക്ലോറിനേഷന്‍ ചെയ്താല്‍ മതിയെന്ന് അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."