ആന്ധ്രാസംഘത്തില്‍ നിന്നും നോക്കുകൂലി: സി.ഐ.ടി.യുക്കാര്‍ക്കെതിരേ പ്രതിഷേധം ശക്തം
കൊല്ലം: കൊല്ലത്ത് ചൂലുവില്‍ക്കാന്‍ വന്ന ആന്ധ്രാ സംഘത്തില്‍ നിന്നും നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ റയില്‍വേസ്‌റ്റേഷനിലെ സി.ഐ.ടി.യു തൊഴിലാളികള്‍ ചൂലു പിടിച്ചുവച്ചത് വ്യപക പ്രതിഷേധത്തിന് ഇടയാക്കി. സംഭവം വിവാദമായതോടെ ഒടുവില്‍ രാത്രിയോടെ ചൂലു തിരിച്ചുനല്‍കി തൊഴിലാളി യൂനിയന്‍ തലയൂരി. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞായിരുന്നു ആന്ധ്രയില്‍ നിന്നെത്തിയ പതിനഞ്ചംഗസംഘം അഞ്ഞൂറുകെട്ട് ചൂലുമായി കച്ചവടത്തിനായി കൊല്ലത്തെത്തിയത്. ട്രെയിനില്‍നിന്നും ചൂല് ലോറിയിലേക്കു സംഘത്തില്‍പ്പെട്ടവര്‍തന്നയായിരുന്നു കയറ്റിയത്. എന്നാല്‍ സംഭവം നോക്കിനിന്ന തൊഴിലാളികള്‍ അവസാനം രണ്ടായിരം രൂപ നോക്കുകൂലിയായി ആവശ്യപ്പെട്ടു. തങ്ങളുടെ പക്കല്‍ ഇത്രയും തുകയില്ലെന്നും 400 രൂപ നല്‍കാന്‍ തയാറാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇതിന് വഴങ്ങാതെ മൂന്ന് ബൈക്കിലെത്തിയ തൊഴിലാളികള്‍ ബലം പ്രയോഗിച്ച് വില്‍ക്കാന്‍ കൊണ്ടുവന്ന നാലുകെട്ട് ചൂല് എടുത്തുകൊണ്ട് പോകുകയായിരുന്നു.
ഒരു കെട്ടില്‍ 40 രൂപ വിലയുള്ള നൂറു ചൂലുകളായിരുന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന സംഘം പൊലിസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടു. എന്നാല്‍ തൊഴിലാളികളുടെ പേരറിയില്ലെന്നു പറഞ്ഞ സംഘം അവരുടെ യുനിഫോമിന്റെ നിറം നീലയാണെന്നു പറഞ്ഞതോടെ സംഭവത്തില്‍ പൊലിസും പുലിവാലുപടിച്ച അവസ്ഥയിലായി. പിടിച്ചുകൊണ്ടുപോയ ചൂല് യൂനിയന്റെ നഗരത്തിലെ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതിഷേധം ഭയന്ന് രാത്രിയോടെ ചൂലു തിരികെ ലഭിച്ചെങ്കിലും ഭീതിയിലായ ആന്ധ്രസംഘം നേരം പുലരുന്നതിനുമുമ്പു കൊല്ലം വിട്ടു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചതോടെ തൊഴിലാളി യൂനിയനു മറുപടിയും ഇല്ലാതായി. ഇന്നലെ പകല്‍ ആന്ധ്രാസംഘത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."