നിറഭേദങ്ങളുമായി സ്‌കൂള്‍വിപണി സജീവമായി
തൊടുപുഴ: സ്‌കൂളിലേക്ക് പുത്തന്‍ ഉടുപ്പും കുടയും, ബാഗുമായി വിദ്യാര്‍ഥികള്‍ എത്താന്‍ ഇനി ഒരാഴ്ചകൂടി. മധ്യവേനലധികാലത്തെ കളിയും ആഘോഷങ്ങളും മാറ്റി വച്ച് കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് എത്തുന്നു. വ്യത്യസ്ത വര്‍ണങ്ങളില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ വിവിധ തരത്തിലുള്ള കുടകളും ബാഗുകളും വിപണിയില്‍ സജീവമായിക്കഴിഞ്ഞു. കൊച്ചുകുട്ടികളുടെ മനം കവരുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ച കുടകളും, ബാഗുകളുമാണ് വിപണിയിലെ ഹീറോസ്. പ്രമുഖ കമ്പനികളുടെ ബാഗുകളും വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും കടകളില്‍ നിരന്നു കഴിഞ്ഞു. 300 രൂപ മുതല്‍ 2000 രൂപവരെയുള്ള ബാഗുകള്‍ വിപണിയിലുണ്ട്. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ കാത്തിരിക്കുന്ന കാലവര്‍ഷത്തെ പ്രതിരോധിക്കാനായി മഴക്കോട്ടുകളും എത്തി.
കാര്‍ട്ടൂണ്‍ കഥാപ്രാതങ്ങളായ സ്‌പെഡര്‍മാന്‍, ബാറ്റ്മാന്‍, ബെന്‍, തുടങ്ങിയവരെ കുടകളില്‍ ചിത്രീകരിച്ചാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. 250 മുതല്‍ 500വരെ വിലയുള്ള കുടകള്‍ കടകളില്‍ എത്തിയിട്ടുണ്ട്. വെള്ളം വീഴുമ്പോള്‍ ചിത്രങ്ങള്‍ തെളിയുന്ന മായാവി കുടകളും സ്ത്രീകള്‍ക്കായി ബെല്‍റ്റ് ഇടാന്‍ കഴിയുന്ന മഴക്കോട്ടുകളും വിപണിയിലുണ്ട്. 500 രൂപമുതല്‍ 1500 രൂപവരെ വിലയുള്ള കോട്ടുകളുണ്ട്. കുട്ടികളുടെ മഴക്കോട്ടുകള്‍ക്ക് 250 രൂപ മുതലാണ് വില. വിവിധ നിറത്തിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി എത്തിയിരിക്കുന്ന വാട്ടര്‍ ബോട്ടിലാണ് വിപണിയിലെ മറ്റൊരു താരം. ചൂടുവെള്ളം കൊണ്ടുപോകാന്‍ പറ്റുന്ന രീതിയിലുള്ള വാട്ടര്‍ ബോട്ടിലും വിപണിയിലുണ്ട്. യൂണിഫോമുകളും, ചെരുപ്പും, ബാഗും. കുടകളും വാങ്ങാനായി കടകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍ ജനങ്ങളെ ബാധിച്ചിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പ്രകടമാണെന്ന് വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."